പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയ യുഡിഎഫ് മുന്നണിയിൽ മന്ത്രിസ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമാകുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും പാല എംഎൽഎ മാണി സി കാപ്പനുമാണ് നിലവിൽ മുന്നണിക്കുള്ളിൽ ഭിന്നത ഉയർത്തിയിരിക്കുന്നത്.
കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്ന് കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തെങ്കിലും കേരള കോൺഗ്രസ് ഇത് തള്ളുകയായിരുന്നു.
സഹകരിക്കണമെന്ന കോൺഗ്രസിന്റെ അഭ്യർത്ഥനയും അവർ അംഗീകരിച്ചില്ല. വിഷയത്തിൽ നാളെ വീണ്ടും ചർച്ചകൾ തുടരും.
മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെക്കാമെന്ന കോൺഗ്രസിന്റെ നിർദ്ദേശത്തോട് മാണി സി കാപ്പൻ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. തനിക്ക് പൂർണ്ണ കാലാവധി മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് അദ്ദേഹം ഉറച്ചുനിൽക്കുന്നത്.
ഇക്കാര്യത്തിലും നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, വിഡി സതീശൻ മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ മുസ്ലിം ലീഗിന് ലഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.
ഇന്ദിരാ ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
“എല്ലാ കക്ഷികളുമായുള്ള ചർച്ച കഴിഞ്ഞാൽ മാത്രമേ യു ഡി എഫ് തീരുമാനം പ്രഖ്യാപിക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു” എന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരുടെ പേരുകളാണ് മന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്നത്.
വി ഇ ഗഫൂറിന് പകരം എ കെ എം അഷ്റഫിനെയും പരിഗണിക്കാൻ സാധ്യതയുണ്ട്. അതേസമയം, പി കെ ബഷീറിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ.
എന്നാൽ, അഞ്ചാമത്തെ മന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

