ചവറയിൽ വീടുകളിൽ കയറി സ്ത്രീകളെ കബളിപ്പിച്ച് രാസലായനി ഉപയോഗിച്ച് സ്വർണാഭരണം തട്ടിയെടുത്ത് വന്നിരുന്ന സംഘം പിടിയിലായി. സംഭവുമായി ബന്ധപ്പെട്ട് ബിഹാർ അറാറിയ നിയർമന്ദിർ ധാമ സ്വദേശി ദിനേശ് സഹ (45), ബിഹാർ സുപോൾ ജാദിയ സ്വദേശി സച്ചിൻ കുമാർ സഹ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീടുകൾ തോറും കയറിയിറങ്ങി കരിപുരണ്ട ചെമ്പ് പാത്രങ്ങളും നിലവിളക്കുകളും വെളുപ്പിച്ചു നൽകുന്നതാണ് ഇവരുടെ രീതി.
ഇതിനുശേഷമാണ് സ്ത്രകളെ വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങളും വെളുപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് രാസലായനിയിൽ മുക്കി സ്വർണം കവർച്ച ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-നാണ് ചവറ ബ്രിജ് ശ്രീകൃഷ്ണ ഭവനിൽ ശോഭനയുടെ (74) വീട്ടിൽ പ്രതികൾ എത്തിയത്.
തുടർന്ന് ഇവരുടെ 18 ഗ്രാം വരുന്ന മാല ഊരി വാങ്ങി രാസലായനിയിൽ മുക്കി ആഭരണത്തിലെ സ്വർണം അലിയിച്ചെടുത്ത ശേഷം തിരികെ നൽകുകയായിരുന്നു. മാല കറുത്തുപോയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ഞൾ വെള്ളത്തിൽ മുക്കിയാൽ തിളക്കം ലഭിക്കുമെന്ന് ഇവർ വിശ്വസിപ്പിച്ചു.
ഇതിനിടയിൽ ശോഭനയുടെ മകൾ സ്ഥലത്തെത്തുകയും സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കി പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാലയിൽ നിന്ന് 6 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി വ്യക്തമായി.
തുടർന്ന് ഇന്നലെ രാവിലെ നീണ്ടകര പരിമണത്ത് തറമേൽ കിഴക്കേതിൽ സതിയമ്മയുടെ വീട്ടിലെത്തിയ സംഘം, ഇവർ ധരിച്ചിരുന്ന സ്വർണമാലയിൽ അഴുക്കുണ്ടെന്ന് പറഞ്ഞ് നിർബന്ധിച്ച് ഊരി വാങ്ങി ലായനിയിൽ മുക്കി മഞ്ഞപ്പൊടിയിൽ പൊതിഞ്ഞ് തിരികെ നൽകി. ഉടൻ തന്നെ പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘം രക്ഷപ്പെടാൻ ശ്രമിച്ചതോടെ വീട്ടുകാർക്ക് സംശയം തോന്നുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെയ്ക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. സതിയമ്മയുടെ കൈവശമുണ്ടായിരുന്ന 10 ഗ്രാം സ്വർണമാല പരിശോധിച്ചപ്പോൾ 3 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
പൊട്ടിത്തിതറിയ നിലയിലായിരുന്നു ഈ മാല. സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചവറ എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐമാരായ ബി.
ഓമനക്കുട്ടൻ, അഭിജിത്ത്, എഎസ്ഐമാരായ സജീവ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

