ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന കുട്ടിയെ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നേരിട്ടെത്തി സന്ദർശിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 25-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന, കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട
ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകൻ രക്ഷൻ (11) എന്ന കുട്ടിയെയാണ് മന്ത്രി സന്ദർശിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കും തുടർപഠനത്തിനുമുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്ന് ബന്ധുക്കൾക്ക് മന്ത്രി ഉറപ്പുനൽകി.
ദുരന്തത്തിൽപ്പെട്ട രക്ഷൻ, സഹോദരി രക്ഷിണ എന്നിവരുടെ പേരിൽ അനുവദിച്ച നഷ്ടപരിഹാരത്തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് രേഖകൾ മന്ത്രി കൈമാറി.
കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ കുടുംബത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുമെന്നും, മാസം തോറും അയ്യായിരം രൂപ ധനസഹായമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി വനംവകുപ്പിലെ ഒരു സീനിയർ ഓഫീസറെ മെന്ററായി പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനില പൂർണമായും മെച്ചപ്പെട്ട ശേഷം മാത്രം ഡിസ്ചാർജ് ചെയ്താൽ മതിയെന്ന് മന്ത്രി നിർദ്ദേശിച്ചു.
ആശുപത്രി അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടെന്നും, ചിന്നക്കനാലിലെ വസതിയിൽ താൻ സന്ദർശനം നടത്തുമെന്നും അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പേകി. സന്ദർശന വേളയിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.
ടിജി ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സദറുദ്ദീൻ അഹമ്മദ്, ഡോ.
ഫ്രെഡറിക് പോൾ, ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരായ ഡോ. സതീഷ് ചന്ദ്രൻ, ഡോ.
ടിനു രവി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജയചന്ദ്രൻ നായർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗർവാൾ എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

