സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പ്രധാനപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും സൂക്ഷിക്കാനും സഹായിക്കുന്ന Google Photos ആപ്പിൽ പുതിയ സാങ്കേതിക തകരാർ കണ്ടെത്തി.
സമീപകാല അപ്ഡേറ്റുകൾക്ക് ശേഷമാണ് ആപ്പിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ എഡിറ്റ് ചെയ്ത ഉടൻ തന്നെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ഷെയർ ചെയ്യാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് Google Photos ഉപയോക്താവ് ഈ പ്രശ്നം ആദ്യമായി പുറംലോകത്തെ അറിയിച്ചത്. എഡിറ്റ് ചെയ്ത ചിത്രങ്ങൾ നേരിട്ട് മറ്റ് ആപ്പുകളിലേക്ക് ഷെയർ ചെയ്യാൻ സാധിക്കുന്നില്ലെന്നും, ഇതിനായി ഫോട്ടോസ് ആപ്പ് വീണ്ടും തുറന്ന് ഷെയർ ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടി വരുന്നുണ്ടെന്നും ഉപയോക്താക്കൾ വ്യക്തമാക്കുന്നു.
ഒരേസമയം നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നവരെയാണ് ഈ സാങ്കേതിക തടസ്സം ഏറെ വലയ്ക്കുന്നത്. തന്റെ Pixel 9 Pro ഫോണിലാണ് ഈ പ്രശ്നം ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്നും, പിന്നീട് പുതിയതായി പുറത്തിറങ്ങിയ Pixel 11 Pro ഫോണിലേക്കും ഇത് വ്യാപിച്ചതായും പ്രസ്തുത ഉപയോക്താവ് പറയുന്നു.
ചിത്രങ്ങൾ ക്രോപ് ചെയ്യുകയോ റൊട്ടേറ്റ് ചെയ്യുകയോ ചെയ്ത ശേഷം ‘ഷെയർ’ ബട്ടൺ പ്രവർത്തിക്കാതെ വരുന്നതും ആപ്പിലെ മറ്റൊരു പ്രധാന തകരാറാണ്. കൂടാതെ, എഡിറ്റിംഗിന് ശേഷം പുതിയ കോപ്പി സേവ് ചെയ്യേണ്ടതില്ല എന്ന് തിരഞ്ഞെടുത്തിട്ടും ആപ്പ് ചിത്രത്തിന്റെ മറ്റൊരു പകർപ്പ് കൂടി ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നുണ്ടെന്നും പരാതിയുണ്ട്.
മറ്റ് ചില ഉപയോക്താക്കളും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. Pixel 11 Pro XL ഫോൺ ഉപയോഗിക്കുന്ന മറ്റൊരു വ്യക്തി, ചിത്രങ്ങൾ ക്രോപ് ചെയ്തതിന് ശേഷം താഴെയുള്ള റോയിലുള്ള ഷെയർ, എഡിറ്റ്, ആഡ് ടു, ബിൻ തുടങ്ങിയ ബട്ടണുകൾ പ്രതികരിക്കാത്തത് സ്ക്രീൻ റെക്കോർഡിംഗ് സഹിതം പുറത്തുവിട്ടിരുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് Google സപ്പോർട്ട് പ്രതിനിധി കാഷെ ക്ലിയർ ചെയ്യുക, ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക, ഫോൺ സേഫ് മോഡിലേക്ക് റീബൂട്ട് ചെയ്യുക തുടങ്ങിയ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇവയൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് ഉപയോക്താക്കളുടെ പക്ഷം. സാങ്കേതിക തകരാറിന് ഇതുവരെ ഔദ്യോഗികമായി പരിഹാരം കാണാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.
കൂടുതൽ ഉപയോക്താക്കൾ സമാനമായ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

