കൊല്ലം കുണ്ടറയിൽ ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യയെ പൊലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജുവിന്റെ (53) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ലേഖ മേരിയെയാണ് (48) തെളിവെടുപ്പിനെത്തിച്ചത്.
കടുത്ത പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരുടെ ഭാഗത്തുനിന്നും അസഭ്യവർഷവും മുട്ടയേറുമുണ്ടായി. ഇതിനിടയിലാണ് പ്രതിക്ക് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: ഈ മാസം 2ന് പുലർച്ചെ 5.30നാണ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ചത്. കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണു എന്നാണ് ആശുപത്രിയിൽ അറിയിച്ചത്.
എന്നാൽ രാജുവിന്റെ കഴുത്തിൽ അസ്വാഭാവികമായ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിൽ അമർത്തിയതിന്റെ പാടുകൾ കണ്ടെത്തി.
കൂടാതെ ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. കഴുത്തിൽ അമർത്തിയതാണ് മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകൾ ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറും അറിയിച്ചു.
തുടർന്ന് ലേഖ മേരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസം.
ഇവരുടെ ഏക മകൾ ബന്ധുവീട്ടിൽ നിന്നാണു പഠിക്കുന്നത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.
ഈയിടെ രാജുവിന് ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്ന ആവശ്യം രാജു നിരസിച്ചതായും ലേഖ പൊലീസിന് മൊഴി നൽകി. ഈ മാസം 2ന് പുലർച്ചെ 5ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും രാജു ലേഖയെ മർദിക്കുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യത്തിൽ, കട്ടിലിനു സമീപത്തു കിടന്ന ബെൽറ്റ് രാജുവിന്റെ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും ലേഖ മൊഴി നൽകി. സമീപത്തു താമസിക്കുന്ന രാജുവിന്റെ സഹോദരൻ ബൈജുവിനെ രാജു കുഴഞ്ഞു വീണതായി തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

