കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 81.530 ഗ്രാം കഞ്ചാവുമായി യുവാവിനെ കസബ പൊലീസ് പിടികൂടി. അരക്കിണർ പൈങ്ങാം വയൽ സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഇർഫാൻ (22) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ സ്കൂട്ടർ പരിശോധിച്ചതിൽ ഡിക്കിക്കുള്ളിൽ സിപ്പ് ലോക്ക് കവറിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തി.
കൂടാതെ, പ്രതിയുടെ പോക്കറ്റിൽ നിന്നും കഞ്ചാവ് വിൽപനയിലൂടെ ലഭിച്ച 8160 രൂപയും പൊലീസ് പിടിച്ചെടുത്തു. പാളയം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഇയാൾ ലഹരി വസ്തുക്കൾ വിതരണം ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 2020ൽ മാങ്കാവ് കാളൂർ റോഡിലുള്ള എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് എന്ന സ്ഥാപനത്തിന്റെ വാതിൽ പൊളിച്ച് ലോക്കറിൽ സൂക്ഷിച്ചിരുന്ന 4,16,066 രൂപ മോഷടിച്ചതിന് കസബ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്.
കസബ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഹാഷിസ്, പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ ജിതിൻ, ജിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

