പത്തനംതിട്ട – ഗവി – കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തുടർച്ചയായി തകരാറിലാവുന്നത് യാത്രക്കാരിൽ ആശങ്കയുയർത്തുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് ഈ പാതയിൽ ബസ് വഴിയിൽ കുടുങ്ങിയത്. നിബിഡ വനത്തിലൂടെയുള്ള ദുർഘടമായ പാതയിലൂടെയുള്ള യാത്രയ്ക്കിടെ വാഹനം തകരാറിലാവുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 5.30-ന് കുമളി ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലേക്കു പുറപ്പെട്ട ബസ് കപ്പക്കാടിനു സമീപം പ്രവർത്തനരഹിതമായി.
വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ പിന്നാലെ വന്ന മറ്റ് ബസുകളിലായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. തകരാർ പരിഹരിച്ച ശേഷം ആങ്ങമൂഴിയിലെത്തിച്ച ബസ് പിന്നീട് കുമളിയിലേക്ക് മടങ്ങി.
സമാനമായി ഈ മാസം 11-ാം തീയതി പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പോയ ബസ് രണ്ടുതവണ വനമധ്യത്തിൽ കുടുങ്ങിയിരുന്നു. ഒൻപതാം തീയതിയും ഇതേ ബസ് തകരാറിലായിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥ
മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെയുള്ള ഭാഗത്തെ റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്. മഴ ശക്തമായതോടെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ട്.
വനമേഖലയുടെ ഉൾഭാഗങ്ങളിൽ മൊബൈൽ റേഞ്ച് ഇല്ലാത്തത് അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിന് വലിയ തടസ്സമാണ്. യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം
പത്തനംതിട്ട–ഗവി–കുമളി കെഎസ്ആർടിസി പ്രിയദർശിനി ബസിലെ അമിതഭാരം അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു.
35 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ സൗജന്യയാത്ര പദ്ധതി നിലവിൽ വന്നതോടെ 70-ൽ അധികം പേരെ ഉൾപ്പെടുത്തിയാണ് പലപ്പോഴും സർവീസ് നടത്തിയിരുന്നത്. പഴയ വാഹനങ്ങൾ ഇത്രയധികം ഭാരവുമായി തകർന്ന റോഡുകളിലൂടെ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് ജീവനക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ മുതൽ ബസിൽ പരമാവധി 55 യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന് അധികൃതർ തീരുമാനിച്ചു. സർവീസിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കവും അമിതഭാരവുമാണ് തുടർച്ചയായ തകരാറുകൾക്ക് കാരണമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

