ന്യൂഡൽഹി: ഫെയ്സ്ബുക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികൾക്ക് പാർലമെന്ററി സമിതിയുടെ രൂക്ഷവിമർശനം. വെറുമൊരു ഖേദപ്രകടനത്തിലോ മാപ്പപേക്ഷയിലോ വിഷയം അവസാനിപ്പിക്കാനാകില്ലെന്നും വീഴ്ചയ്ക്ക് കാരണക്കാരായവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും സമിതി യോഗത്തിൽ ആവശ്യമുയർന്നു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് രാജ്യത്തെ യുവാക്കൾക്ക് ഉറപ്പുനൽകുന്ന പ്രധാനമന്ത്രിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തത്. സംഭവത്തിൽ സാങ്കേതിക തകരാർ മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയം തള്ളിക്കളഞ്ഞു.
ബിജെപി എംപി നിഷികാന്ത് ദുബെ അധ്യക്ഷനായ ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് മെറ്റ, ഗൂഗിൾ, യൂട്യൂബ് പ്രതിനിധികളുമായും കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ പങ്കെടുത്ത മുതിർന്ന ബിജെപി എംപി കടുത്ത ചോദ്യങ്ങളാണ് മെറ്റ അധികൃതർക്ക് മുന്നിൽ ഉന്നയിച്ചത്.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ എന്തുകൊണ്ടാണു നീക്കം ചെയ്തത്, ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ്, ആക്ഷേപകരമായ മറ്റു നിരവധി ഉള്ളടക്കങ്ങൾ ഫെയ്സ്ബുക് നീക്കം ചെയ്യാതിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ വിഡിയോ ആരാണ് പ്ലാറ്റ്ഫോമിൽനിന്നു മാറ്റിയത്, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിഡിയോ പോലും ഇത്തരത്തിൽ പെട്ടെന്നു നീക്കം ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യയിലെ സാധാരണക്കാരായ സമൂഹമാധ്യമ ഉപയോക്താക്കൾക്ക് എന്തൊക്കെ സുരക്ഷയാണു ലഭ്യമായിട്ടുള്ളത്’’ – എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വിഷയത്തിലും സമിതി മെറ്റയോട് വിശദീകരണം തേടി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ഉള്ളടക്കങ്ങൾ നിർമിച്ച് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് ഇതിനോടകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

