പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വിഴിഞ്ഞത്തെ മത്സ്യബന്ധന ബോട്ട് നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവിനെ തുടർന്ന് നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നതാണ് ഈ രംഗത്തെ പ്രതിസന്ധിക്ക് കാരണം.
നിലവിലെ സാഹചര്യത്തിൽ ബോട്ട് നിർമ്മാണ ശാലകൾ പൂട്ടിയിടേണ്ട അവസ്ഥയാണെന്ന് വിഴിഞ്ഞത്തെ യാഡ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഔട്ട്ബോർഡ് എൻജിൻ നിർമ്മാണത്തിനാവശ്യമായ പെട്രോളിയം ഉപഉൽപ്പന്നങ്ങളുടെ വില വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മറൈൻ പ്ലൈവുഡ് ബോട്ടുകളുടെ ഭാഗങ്ങൾ ഒട്ടിച്ചുചേർക്കാൻ ഉപയോഗിക്കുന്ന റെസിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ വിലവർധന താങ്ങാവുന്നതിലും അപ്പുറമാണെന്ന് യാഡ് ഉടമകളായ റെച്ചൻസ്, തദേവൂസ് എന്നിവർ പറഞ്ഞു.
ഇതിനുപുറമെ, ഫൈബർ മാറ്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വിലയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ മരം കൊണ്ടുള്ള ചെറിയ ബോട്ടുകൾക്ക് രണ്ട് ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
വലിപ്പത്തിനനുസരിച്ച് ഇതിൽ വലിയ മാറ്റങ്ങൾ വരുന്നുണ്ട്. നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ പുതിയ ബോട്ടുകൾ നിർമ്മിക്കുന്നതിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പിന്തിരിയുന്ന അവസ്ഥയാണുള്ളത്.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോട് ചേർന്ന് നാല് ബോട്ട് യാഡുകളാണ് പ്രവർത്തിക്കുന്നത്. സാധാരണയായി ഫൈബർ ബോട്ടുകൾ അഞ്ച് വർഷം വരെ ഉപയോഗിക്കുമെങ്കിലും, രണ്ട് വർഷം കൂടുമ്പോൾ അവ മാറ്റി പുതിയവ വാങ്ങുന്നതാണ് പതിവ്.
മീൻപിടിത്ത സീസൺ ആരംഭിക്കാനിരിക്കെ ഈ മേഖല നേരിടുന്ന തളർച്ച, ഉപജീവനത്തിനായി ഈ തൊഴിലിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

