സംസ്ഥാനത്തെ കള്ളുവ്യവസായം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പുതിയ ആപ്പ് തയ്യാറാക്കി. ‘ട്രാക്ക് ആൻഡ് ട്രെയ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വഴിയുള്ള നടപടിക്രമങ്ങൾ ഒക്ടോബർ ഒന്നു മുതൽ നിലവിൽ വരും.
ഇതുസംബന്ധിച്ച് എക്സൈസ് കമ്മിഷണർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഉൽപാദനം മുതൽ കള്ള് ഉപഭോക്താക്കളിലേക്ക് എത്തുന്നതുവരെയുള്ള മുഴുവൻ പ്രക്രിയകളും ഡിജിറ്റലായി നിരീക്ഷിക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കള്ളുചെത്തു ലൈസൻസും ട്രാൻസ്പോർട്ട് പെർമിറ്റുകളും ഇനി മുതൽ ഈ ആപ്പിന്റെ പരിധിയിലായിരിക്കും പ്രവർത്തിക്കുക. നടപടിക്രമങ്ങൾ ഇങ്ങനെ:
ഈ മാസം 20-നു മുൻപായി കള്ളെടുക്കുന്ന എല്ലാ മരങ്ങളിലും നേരിട്ട് നമ്പറിട്ട് നിശ്ചിത നിറത്തിൽ പെയിന്റ് അടയാളപ്പെടുത്തും.
തുടർന്ന് ഓരോ മരത്തിന്റെയും ചിത്രങ്ങളും അനുബന്ധ വിവരങ്ങളും ശേഖരിച്ച് ജിയോ ടാഗ് ചെയ്തുകൊണ്ട് ആപ്പിൽ രേഖപ്പെടുത്തും. ഈ അടിസ്ഥാന വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയ ശേഷം മാത്രമേ ചെത്ത് ലൈസൻസിനും കള്ള് കൊണ്ടുപോകാനുള്ള പെർമിറ്റിനുമുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ ലഭിച്ചാലുടൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് സ്ഥലത്തെത്തി ഓരോ മരവും പരിശോധിച്ച്, ആപ്പിലുള്ള വിവരങ്ങളും ഭൂമിശാസ്ത്രപരമായ കണക്കുകളും ഒത്തുനോക്കി ഉറപ്പുവരുത്തും. ഈ പരിശോധനകൾക്ക് ശേഷമാകും ലൈസൻസ്, പെർമിറ്റ് അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കുക.
അനുമതി ലഭിച്ചുകഴിഞ്ഞാൽ പെർമിറ്റ് നമ്പർ, വാഹനത്തിന്റെ വിവരങ്ങൾ, ലൈസൻസിയുടെ പേര് തുടങ്ങിയ സുപ്രധാന വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും. ദിവസേന ഉൽപാദിപ്പിക്കുന്ന കള്ളിന്റെ അളവ്, അത് വാഹനത്തിൽ കയറ്റുന്ന സമയത്ത് തന്നെ ആപ്പിൽ അപ്ഡേറ്റ് ചെയ്യണം.
വിവരങ്ങൾ രേഖപ്പെടുത്തുന്ന വ്യക്തി തെങ്ങിന്റെ ലൊക്കേഷനിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിലായിരിക്കണമെന്നും കർശന നിർദേശമുണ്ട്. ആപ്പിന്റെ സുഗമമായ ഉപയോഗത്തിനായി ഉദ്യോഗസ്ഥർക്കും ലൈസൻസികൾക്കുമുള്ള പരിശീലനം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഈ മാസം തന്നെ പൂർത്തിയാക്കും.
പ്രവർത്തനങ്ങളുടെ പുരോഗതിക്കായി ഡപ്യൂട്ടി കമ്മിഷണർമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

