കൃഷ്ണഗിരിക്കടുത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ സ്വദേശികളായ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവർ മരിച്ചു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതംഗ കുടുംബം സഞ്ചരിച്ച കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സംഘം കൃഷ്ണഗിരി കുറുപറപ്പളി മേൽപാലത്തിനു സമീപമെത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു.
ടയർ മാറ്റി യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ദിവ്യയും ദീപക്കും കാറിൽ കയറാനായി പുറത്തു നിൽക്കുമ്പോഴായിരുന്നു ലോറി ഇടിച്ചത്.
സംഭവത്തെക്കുറിച്ച് ഇവരുടെ അച്ഛൻ രവീന്ദ്രന്റെ സഹോദരൻ ഗിരിജൻ പറയുന്നതിങ്ങനെ: “മരിച്ച ദിവ്യയും ദീപക്കും പുറത്തുനിന്നു കാറിനുള്ളിൽ കയറാൻ ശ്രമിക്കുമ്പോഴാണു പിന്നിൽ ലോറിയിടിച്ചതെന്നുമാണു പൊലീസ് നൽകിയ വിവരം.” അപകടത്തിൽ പരുക്കേറ്റ രവീന്ദ്രൻ (59), ഭാര്യ പാർവതി (53), ഇവരുടെ മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് വിനീത് (44), വിനീതിന്റെ അമ്മ സരോജിനി (68), ദിവ്യ–വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് (12), അഖിൽദേവ് (9) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ സരോജിനിയുടെ നില അതീവ ഗുരുതരമാണെന്നും അവർ വെന്റിലേറ്ററിലാണെന്നും അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. അവിടെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം.
പുലർച്ചെ 2.10ഓടെയാണ് നാട്ടിലെ ബന്ധുക്കൾ അപകടവിവരം അറിയുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
മണിയൻതോട്ടിൽ രവീന്ദ്രൻ– പാർവതി ദമ്പതികളുടെ മക്കളാണ് ദിവ്യയും രമ്യയും. ഇരുവരും ഇരട്ടകളായിരുന്നു.
ഇവരുടെ ഇളയ സഹോദരനാണ് ദീപക്. അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വരെ ദിവ്യയും രമ്യയും ഒരുമിച്ചായിരുന്നു പഠിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

