പേരാമ്പ്രയിലും കൂത്താളിയിലും ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം.
കാറ്റിൽ നിരവധി വീടുകളും കടകളും വാഹനങ്ങളും തകർന്നു. പേരാമ്പ്ര ബൈപാസിൽ വൻ മരം കടപുഴകി വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
മരത്തിന് ചുവട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും പൂർണമായും തകർന്നു. പേരാമ്പ്ര പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പ്രവർത്തനത്തിലൂടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണതിനെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൈതോത്ത് റോഡിലെ കർമ ഇൻഡസ്ട്രീസിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പൂർണമായും തകർന്നു.
ഇതേ റോഡിലെ ഫ്രൻഡ്സ് വുഡ് ഇൻഡസ്ട്രീസിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. പേരാമ്പ്ര ബസ് സ്റ്റാൻഡിനു മുന്നിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്ത വ്യക്തി കാറ്റിൽ സ്കൂട്ടറോടെ മറിഞ്ഞു വീണു.
കൂടാതെ, ഗ്രാൻഡ് ഹൗസിനു സമീപം കടയുടെ മേൽക്കൂരയും ബോർഡും മറിഞ്ഞു വീഴുകയും ചെയ്തു. അതേസമയം, നാദാപുരത്തും ഇന്നലെ വൈകിട്ട് ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു.
റോഡുകളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് ടൗണുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി കടകളിലേക്ക് വെള്ളം കയറി.
വൈദ്യുതി തൂണുകളും ലൈനുകളും തകർന്നതിനെ തുടർന്ന് ഈ മേഖലയിൽ ഏറെ നേരം വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

