ഗൂഡല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രിയായി സി.ജോസഫ് വിജയ് അധികാരമേറ്റെടുത്തതോടെ ഊട്ടി പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ പുനരാരംഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മേയ് രണ്ടാം തീയതി ആരംഭിക്കേണ്ടിയിരുന്ന വസന്തോത്സവ പരിപാടികൾ മുടങ്ങിയിരുന്നു.
ഹോർട്ടികൾചറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നതും പ്രവർത്തനങ്ങളെ ബാധിച്ചു. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ തിരികെ എത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പുഷ്പമേള ഉദ്ഘാടനം ചെയ്യുമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ മേയ് 15-ന് മേള നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇത് മേയ് 20-ലേക്ക് മാറ്റാനാണ് സാധ്യതയെന്ന് അധികൃതർ സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി ഊട്ടി സസ്യോദ്യാനത്തിൽ വിപുലമായ ക്രമീകരണങ്ങൾ ആരംഭിച്ചു.
ചെടിച്ചട്ടികളിൽ വിരിഞ്ഞുതുടങ്ങിയ പുഷ്പങ്ങൾ ഗാലറികളിലേക്ക് മാറ്റി സ്ഥാപിക്കുകയും പുഷ്പ അലങ്കാരത്തിനായുള്ള കലാപരമായ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം, വേനൽമഴ തുടരുന്നത് പുഷ്പമേളയുടെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്ക സംഘാടകർ പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

