കോട്ടയം ജില്ലയിലെ ഇഞ്ചേരിക്കുന്നിന്റെ നെറുകയിൽനിന്നു സന്ധ്യ കഴിയുമ്പോൾ റോഡുവഴിയിലേക്കു നീളുന്ന ടോർച്ചിന്റെ വെളിച്ചം ഇനി ഉണ്ടാവില്ല. ജോലി കഴിഞ്ഞ് മടങ്ങിവരുന്ന കൊച്ചുമകളെ വഴിയിൽ വെട്ടം കാണിക്കാൻ കാത്തിരിക്കുന്ന മുത്തശ്ശി സരസമ്മ ഇഞ്ചേരിക്കുന്നിന്റെ വാത്സല്യനിറവായിരുന്നു.
എല്ലാവർക്കും ആ കാത്തിരിപ്പിനെക്കുറിച്ച് അറിയാം. ബസിന്റെ അമിതവേഗത്തിൽ ജീവൻ പൊലിഞ്ഞ കൊച്ചുമകൾ അഞ്ജലിയും മുത്തശ്ശി സരസമ്മയും തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ആഴമുള്ളതായിരുന്നു.
എരിഞ്ഞടങ്ങിയ ചിതയ്ക്കു സമീപം ഒറ്റമുറി വീട്ടിൽ മുത്തശ്ശിയുടെ താരാട്ട് കേട്ടു വളർന്ന കൊച്ചുമകളുടെ ഓർമകൾ മാത്രമാകും ഇനി കൂട്ട്. എല്ലാ ദിവസവും അഞ്ജലി ജോലി കഴിഞ്ഞ് വരുന്നത് ഏഴേകാലിന്റെ ബസിനാണ്.
നട്ടാശേരി റോഡിൽ അപ്പോഴേക്കും ഇരുട്ടായിരിക്കും. സൂര്യകാലടി മനയും കഴിഞ്ഞ് വായനശാല ജംക്ഷൻ കടന്നു ഗാന്ധിഗ്രാം കെട്ടിടത്തിനു മുന്നിലെ സ്റ്റോപ്പിലാണ് അഞ്ജലി ഇറങ്ങുന്നത്.
അവിടെനിന്നു കുത്തനെയുള്ള കയറ്റം കയറി വേണം വീട്ടിലെത്താൻ. വഴിവിളക്ക് ഇല്ല.
വീടുവിട്ടിറങ്ങി കുന്നിന്റെ നെറുകയിൽ മുത്തശ്ശി ടോർച്ചുമായി നിൽക്കും. ടോർച്ചിന്റെ വെളിച്ചത്തിലാണ് അഞ്ജലിയുടെ വരവ്.
വെള്ളിയാഴ്ചയും മഴയത്ത് ടോർച്ചുമായി മുത്തശ്ശി കാത്തിരുന്നു. ബസ് കടന്നുപോയിട്ടും അവൾ വരാത്തപ്പോൾ വേവലാതിയുമായി അയൽപക്കത്ത് തന്റെ വീട്ടിലേക്ക് അവർ ഓടിയെത്തിയെന്നു സമീപവാസിയായ സൈമൺ ജോസ് വ്യക്തമാക്കി.
ഒക്ടോബർ 9 ആ കുടുംബത്തിന് ദുഃഖങ്ങളുടെ ദിനമായി മാറി. 17 വർഷം മുൻപ് ഒരു ഒക്ടോബർ 9 നാണ് അഞ്ജലിയുടെ അമ്മ സിന്ധു ചേർത്തലയിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് പൊള്ളലേറ്റു മരണമടഞ്ഞത്.
അന്നു പിഞ്ചുകുഞ്ഞായിരുന്ന അഞ്ജലിയെ നെഞ്ചോടു ചേർത്ത് മുത്തശ്ശി തന്റെ വീട്ടിലേക്കു കൂട്ടിയതാണ്. അഞ്ജലിയെ വിധി വേട്ടയാടിയതും ഒക്ടോബർ 9 വെള്ളിയാഴ്ചയാണ്.
പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജലിയെ കോട്ടയത്ത് മഹാരാജാസ് പ്രൈവറ്റ് കോളജിൽ പ്ലസ് ടുവിനു കൊണ്ടു ചേർത്തത് മുത്തശ്ശിയാണ്. വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടയിലും മിടുക്കിയായ അഞ്ജലിയുടെ പഠനം മുടങ്ങാതിരിക്കാൻ കോളജിൽ ഫീസ് സൗജന്യമാക്കിയിരുന്നുവെന്ന് അഡ്മിനിസ്ട്രേറ്റീവ് പ്രിൻസിപ്പൽ സുനിത ബാബുരാജ് പറഞ്ഞു.
ചന്തക്കവലയിൽ ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടർ വാഹനവകുപ്പ് വ്യക്തമാക്കി. അപകടത്തിനിടയാക്കിയ തണ്ടപ്ര ബസിന്റെ ഡ്രൈവർ കുറിച്ചി സ്വദേശി അതുൽ ബിജുവിന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുമെന്ന് ആർടിഒ ഡി.ജയരാജ് അറിയിച്ചു.
സമയത്ത് എത്താനുള്ള ഓട്ടത്തിനിടെ ചവിട്ടിയപ്പോൾ ബ്രേക്ക് ലഭിച്ചില്ലെന്നാണ് ഡ്രൈവർ നൽകിയ മൊഴി. ബസ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മോട്ടർ വാഹനവകുപ്പിന് വെസ്റ്റ് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

