മംഗലപുരം സ്റ്റേഷൻ പരിധിയിൽ സമീപകാലത്തായി വർധിച്ചുവരുന്ന മോഷണ സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തുന്നു. സ്വർണവിലയിലുണ്ടായ വർധനവും രാത്രികാലങ്ങളിലെ പൊലീസ് പട്രോളിംഗിലുള്ള പോരായ്മകളും മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യമൊരുക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഏറ്റവും ഒടുവിലായി നമ്പ്യാർകുളത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി മാറ്റിവെച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഉടമസ്ഥർ ആലുവയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഈ സംഭവത്തിൽ വിരലടയാളം ലഭിച്ചതല്ലാതെ കാര്യമായ പുരോഗതി അന്വേഷണത്തിൽ ഉണ്ടായിട്ടില്ല.
പള്ളിപ്പുറത്തെ സ്വകാര്യ പാർക്കിൽ നടന്ന മോഷണവും തുടർന്നുള്ള ദിവസങ്ങളിൽ ഐ.ടി ജീവനക്കാരുടെ ഹോസ്റ്റലിൽ നിന്ന് ലാപ്ടോപ്പുകളും വിലകൂടിയ മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതും ഏറെ ചർച്ചയായിരുന്നു. പാർക്കിലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
മോഷണശല്യം വികസന പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. പള്ളിപ്പുറം മുതൽ മംഗലപുരം വരെ ബൈപ്പാസ് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് കമ്പികളും മറ്റ് ഉപകരണങ്ങളും പലതവണയായി മോഷ്ടിക്കപ്പെട്ടു.
ഇത് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ ഡസനിലധികം മോഷണങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് സ്കൂട്ടർ മോഷണം പോയ സംഭവം വരെ ഉൾപ്പെടുന്നു. കണിയാപുരത്ത് വച്ച് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച ബാബു എന്നയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 120 ഓളം കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ നടന്ന വിവിധ മോഷണങ്ങൾ താഴെ പറയുന്നവയാണ്:
ഫെബ്രുവരി 3: പൊലീസ് സ്റ്റേഷന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന അഴൂർ ശാസ്തവട്ടം സ്വദേശി ഷാജിയുടെ സ്കൂട്ടർ മൂന്നംഗ സംഘം മോഷ്ടിച്ചു.
ഫെബ്രുവരി 11: കുടവൂർ അസംബ്ലിമുക്ക് ഇലഞ്ഞിമൂട് ദുർഗാദേവി ക്ഷേത്രത്തിലെ ഓഫീസ് കുത്തിതുറന്ന് 11,000 രൂപയും, പള്ളിപ്പുറത്ത് സദാമിന്റെ സ്കൂട്ടറും മോഷണം പോയി.
ഫെബ്രുവരി 28: വെയിലൂർ ശാസ്തവട്ടം കോയിക്കൽ ബ്ലൂംസ് വില്ലയിലെ ജയകൃഷ്ണന്റെ വീട്ടിൽ നിന്ന് 30,000 രൂപ വിലമതിക്കുന്ന സ്വർണ നാണയവും 10,000 രൂപയുടെ ലാപ്ടോപ്പും കവർന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ തടയുന്നതിൽ പൊലീസ് പരാജയമാണെന്നും രാത്രികാല പരിശോധനകൾ കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

