പത്തനംതിട്ട ജില്ലയിലെ സീതത്തോട് കട്ടച്ചിറ വനത്തിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം കുട്ടിയമ്മയെ (80) കാണാതായിട്ട് എട്ടു ദിവസങ്ങൾ പിന്നിടുന്നു.
ഇതുവരെയും യാതൊരുവിധ തുമ്പും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസും വനപാലകരും സംയുക്തമായി നടത്തുന്ന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയമ്മയുടെ തിരോധാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സ്ഥലവാസികളും ബന്ധുക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച പകലാണ് കുട്ടിയമ്മയെ കാണാതാകുന്നത്. അന്നേ ദിവസം പതിവ് പോലെ വിറക് ശേഖരിക്കുന്നതിനാണു വനാതിർത്തിയിൽ കുട്ടിയമ്മ എത്തിയത്.
തിരോധാനത്തെ തുടർന്ന് പൊലീസും വനം വകുപ്പും നടത്തിയ പരിശോധനകളിൽ ഇതുവരെയും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി കെ–9 ഡോഗ് സ്ക്വാഡിലെ പൊലീസ് നായ് ‘എയ്ഞ്ചൽ’ കിലോമീറ്ററുകളോളം വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് മടങ്ങുകയായിരുന്നു.
മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ചതാണ് എയ്ഞ്ചൽ എന്ന ശ്വാനൻ. ബുധൻ രാവിലെ 9.40നാണു ഡോഗ് ഹാൻഡ്ലർമാരായ ടി.ആർ.
അനീഷ്, ടി. അഖിൽ എന്നിവർക്കൊപ്പം എയ്ഞ്ചൽ തിരച്ചിൽ ആരംഭിച്ചത്.
രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടുവരെ നീണ്ടുനിന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ചിറ്റാർ സിഐ ജിജിൻ സി ചാക്കോ, എസ്ഐമാരായ എസ് നൗഫൽ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിന്റെ പരിശോധന നടക്കുന്നത്.
കൂടാതെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജി. മനോജ്, സന്തോഷ് തമ്പി, ബിഎഫ്ഒ മനു കുര്യാക്കോസ്, പി.
പ്രവീൺ എന്നിവരും വനപാലകരും വനം സംരക്ഷണ സമിതി പ്രവർത്തകരും കട്ടച്ചിറ വനത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യാതൊരു തുമ്പും ലഭിക്കാത്തതിനെ തുടർന്നാണ് സംഘം മടങ്ങിയത്.
എന്നാൽ വരും ദിവസങ്ങളിലും വനത്തിൽ വ്യാപകമായ തിരച്ചിൽ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

