ഏറ്റുമാനൂർ നഗരത്തിൽ അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ നടന്ന അക്രമ സംഭവങ്ങളുടെ നടുക്കം മാറാതെ തൊഴിലാളികൾ. ഇന്നലെ പൊലീസിനോട് സംഭവങ്ങൾ വിവരിക്കുമ്പോഴും സദ്ദാം ഹുസൈൻ എന്ന തൊഴിലാളിയുടെ മുഖത്ത് ഭീതി വ്യക്തമായിരുന്നു.
രാത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘ഗേറ്റിനോടു ചേർന്ന് ക്യാംപ് വളപ്പിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്ന അക്തർ അലിയുടെ നിലവിളി കേട്ടാണ് എല്ലാവരും തിരിഞ്ഞുനോക്കുന്നത്. അക്തറിനെ കഴുത്തിൽ വടിവാൾ ചേർത്തുവച്ച് ക്യാംപിനുള്ളിലേക്ക് ഒരാൾ കൊണ്ടുവരുന്നു.
ഈ സമയം അലറിക്കൊണ്ട്, ഉയർത്തിപ്പിടിച്ച മാരകായുധങ്ങളുമായി 7 പേർ ഇരച്ചുകയറി. മുന്നിൽനിന്നവർക്കുനേരെ തലങ്ങും വിലങ്ങും വടിവാൾ വീശി.
വാതിലുകളിൽ ആഞ്ഞുചവിട്ടി. തൊഴിലാളികൾ ചിതറിയോടി.
ആരും പുറത്തേക്കു പോകാതിരിക്കാൻ വാതിലിനു മുന്നിലും അക്രമികൾ നിന്നു. എല്ലാവർക്കും നേരെ മുളകുസ്പ്രേ അടിച്ചു.
‘പൈസ.. പൈസ’ എന്നു മാത്രമാണ് അക്രമികൾ പറഞ്ഞത്.
ബാഗുകൾ തുറക്കാനും പണം തരാനും ആവശ്യപ്പെട്ടു. മടിച്ചു നിന്ന റംസാൻ അലിയുടെ (29) കഴുത്തിൽ കുത്തി മുറിവേൽപിച്ചു.
എതിർക്കാൻ എത്തിയ അഷ്ദുൽ ഇസ്ലാമിന്റെ (30) കണ്ണ് ഇടിച്ചുകലക്കി. മിനസുൽ റഹ്മാൻ (35), മീരാസ് ജൂൾ ഇസ്ലാം (28), മോഹിത് റഹ്മാൻ (36) എന്നിവരെ കത്തികൊണ്ടും കമ്പിവടി കൊണ്ടും ആക്രമിച്ചു.
അസം സ്വദേശിയും പൂവത്തുംമൂട്ടിലെ വ്യാപാരിയുമായ റഹ്മാനെ മർദിച്ച് എടിഎം കാർഡും പാസ്വേഡും കൈക്കലാക്കി’ – സദ്ദാം പറഞ്ഞു. നാല് പേരുടെ എടിഎം കാർഡുകളാണ് സംഘം തട്ടിയെടുത്തത്.
ഇതിൽ മൂന്നുപേരും പാസ്വേഡ് തെറ്റിച്ചാണു പറഞ്ഞുകൊടുത്തത്. വ്യാപാരിയായ റഹ്മാന്റെ എടിഎം കാർഡ് ഉപയോഗിച്ച് പുതുപ്പള്ളി പരിയാരം ഹിറ്റാച്ചി എടിഎം കൗണ്ടറിൽനിന്ന് 7,000 രൂപ പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാരകായുധങ്ങളുമായി ഒരു മണിക്കൂറോളമാണ് അക്രമികൾ അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ അഴിഞ്ഞാടിയത്. എതിർക്കാൻ ഒരുങ്ങിയവരുടെ നേരെ വടിവാൾ വീശുകയും ചിലരെ കുത്തിയും വെട്ടിയും മുറിവേൽപിക്കുകയും ചെയ്തു.
ബാഗും വസ്ത്രങ്ങളും വടിവാൾകൊണ്ടു വെട്ടിക്കീറി. പണം തരാൻ മടിച്ചവരെ മർദിച്ച് പണം കൈക്കലാക്കി.
എല്ലാം കഴിഞ്ഞ് തിരികെ പോകുമ്പോൾ ക്യാംപിൽ ബാഗ് തപ്പുന്ന തിരക്കിലായിരുന്നു അക്രമികളിൽ ഒരാൾ. രക്ഷപ്പെടാൻ ഇറങ്ങിയവർ മുറിക്കുള്ളിൽ പരിശോധന നടത്തുന്ന ആളെ ‘ ഭായി’ എന്നാണ് വിളിച്ചത്.
‘വാ ഭായി പോകാം…’ എന്നായിരുന്നു അക്രമികൾ പറഞ്ഞത്. ഇതിൽ അക്രമികൾ വിളിച്ച ഭായി ആരാണെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
വന്നവരെല്ലാം സംസാരിച്ചതു മലയാളമാണെന്നാണ് മൊഴി. കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരും സർക്കാർ സുരക്ഷ ആവശ്യമുള്ളവരുമായ സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചിരിക്കുന്ന വനിതാ, ബാലിക, ശിശു സംരക്ഷണകേന്ദ്രത്തിനു സമീപമാണ് അതിഥിത്തൊഴിലാളി ക്യാംപ് സ്ഥിതി ചെയ്യുന്നത്.
ഒരു വർഷമായി ഇവിടെ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. തകരഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് ഇവരുടെ താമസം.
തകര ഷീറ്റ് കൊണ്ടു നിർമിച്ച വലിയ ഗേറ്റിനടിയിലൂടെ നുഴഞ്ഞാണ് അക്രമികൾ അകത്തുകടന്നത്. 15 പേരടങ്ങുന്ന സംഘം ഒരു മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തൊഴിലാളികളുടെ നിലവിളിയുയർന്നിട്ടും സംഭവം പുറംലോകമറിയുന്നത് ഇന്നലെ രാവിലെയാണ്. അക്രമികൾ വന്നതിനും കടന്നുകളഞ്ഞതിനും എന്തെങ്കിലും തെളിവുകൾ കണ്ടെത്താനാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ സിഗ്നലുകളും കവർച്ചക്കാർ കൊണ്ടുപോയ മൊബൈൽ ഫോണുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

