മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷം വ്യത്യസ്തമായൊരു മേഖലയിൽ ശ്രദ്ധേയനായിരിക്കുകയാണ് സണ്ണി ചാക്കോ.
32 വർഷത്തെ പൊലീസ് സേവനത്തിന് ശേഷം ഡിവൈഎസ്പി പദവിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം, ഇപ്പോൾ മറ്റത്തൂർ നെല്ലിപറമ്പ് എന്ന തന്റെ ഗ്രാമത്തിൽ ആട് വളർത്തലിൽ സജീവമാണ്. 2013-ൽ വിശിഷ്ട
സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയിട്ടുള്ള സണ്ണി ചാക്കോ, 2022-ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. വിരമിച്ചതിന് ശേഷം നിരവധി തൊഴിൽ അവസരങ്ങൾ തേടിയെത്തിയെങ്കിലും, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
പൊലീസിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പൊന്നാനി സ്റ്റേഷനിൽ ഇൻസ്പെക്ടറായിരിക്കെ, ഉദ്യോഗാർഥികൾക്കായി കായിക പരിശീലനവും കോച്ചിങ് ക്ലാസുകളും നൽകി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ആ സേവന മനോഭാവം തന്നെയാണ് ഇപ്പോൾ കാർഷിക മേഖലയിലും അദ്ദേഹം തുടരുന്നത്.
തുടക്കത്തിൽ നാല് ആടുകളെ വളർത്തി തുടങ്ങിയ സംരംഭം, ഇന്ന് നാൽപതോളം മലബാറി ക്രോസ് ബ്രീഡ് ആടുകളുള്ള വലിയൊരു ഫാമിലേക്ക് വളർന്നിരിക്കുന്നു. തന്റെ വീടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ള വിശാലമായ കൂടിലാണ് ഈ ആടുകളെ പരിപാലിക്കുന്നത്.
ആടു കൃഷിയിൽ രണ്ട് തവണ സംസ്ഥാന പുരസ്കാരം നേടിയ മുണ്ടക്കയം സ്വദേശി സോജൻ ജോർജാണ് ഇദ്ദേഹത്തിന് ഈ രംഗത്തേക്ക് കടന്നുവരാൻ പ്രചോദനമേകിയത്. കുടുംബാംഗങ്ങളായ ഭാര്യ സാറ, മക്കളായ അഞ്ജു, സോണിയ, അമ്മ മറിയക്കുട്ടി എന്നിവർ സണ്ണി ചാക്കോയ്ക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.
ആൽഫി, ഖുറേഷി, മാറഡോണ, കോശി, ലുട്ടുമണി, കട്ടപ്പ എന്നിങ്ങനെ പേരിട്ട് വിളിക്കുന്ന ആടുകൾ അദ്ദേഹത്തിന് വളർത്തുമൃഗങ്ങൾ എന്നതിലുപരി പ്രിയപ്പെട്ട കൂട്ടുകാർ കൂടിയാണ്.
പ്രതിദിനം പാൽ വാങ്ങുന്നതിനായി ധാരാളം ആളുകൾ അദ്ദേഹത്തിന്റെ ഫാമിലെത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

