ഗൂഗിൾ പുറത്തിറക്കിയ സ്മാർട്ട് വാച്ചുകളായ പിക്സൽ വാച്ച് 2, പിക്സൽ വാച്ച് 3 എൽ.ടി.ഇ മോഡലുകളിൽ നിന്ന് നിർണായകമായ ഒരു ഫീച്ചർ ഒഴിവാക്കാനൊരുങ്ങി കമ്പനി. ഈ വാച്ചുകളിലെ ‘സേഫ്റ്റി സിഗ്നൽ’ (Safety Signal) ഫീച്ചറാണ് ഈ വർഷാവസാനത്തോടെ പിൻവലിക്കുന്നതായി ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
2022-ൽ പുറത്തിറങ്ങിയ ആദ്യ തലമുറ പിക്സൽ വാച്ച് ബാറ്ററി ലൈഫിലും പ്രകടനത്തിലും വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം അവതരിപ്പിച്ച പിക്സൽ വാച്ച് 2 മികച്ച അഭിപ്രായങ്ങൾ നേടുകയുണ്ടായി.
തുടർന്നെത്തിയ പിക്സൽ വാച്ച് 3 ഉൾപ്പെടെയുള്ള മോഡലുകൾക്കും വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വാച്ചുകളുടെ എൽ.ടി.ഇ മോഡലുകളിൽ ലഭ്യമാക്കിയിരുന്ന പ്രധാന സവിശേഷതയായിരുന്നു ‘സേഫ്റ്റി സിഗ്നൽ’.
സെല്ലുലാർ പ്ലാനോ കണക്ഷനോ ഇല്ലാതെയെത്തിയിരുന്ന ഈ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് എമർജൻസി കോൺടാക്റ്റുകളെ ബന്ധപ്പെടാനും, സേഫ്റ്റി ചെക്ക് നടത്താനും, എമർജൻസി ഷെയറിങ്, എമർജൻസി എസ്.ഒ.എസ്, ഫാൾ ഡിറ്റക്ഷൻ എന്നീ സേവനങ്ങൾ ഉപയോഗപ്പെടുത്താനും സാധിച്ചിരുന്നു. ഗൂഗിളിന്റെ ഹെൽത്ത് പ്രീമിയം സേവന വരിസംഖ്യയിലൂടെയായിരുന്നു ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്.
എന്നാൽ ഈ സേവനം അവസാനിപ്പിക്കുന്നതോടെ, ഉപയോക്താക്കൾ സ്വന്തമായി സെല്ലുലാർ പ്ലാൻ എടുത്തു നൽകേണ്ടി വരും. അല്ലെങ്കിൽ ചില പ്രധാന ഫീച്ചറുകൾ ഒഴിവാക്കേണ്ടി വരും.
ഉപയോക്താക്കൾക്ക് ഒരുങ്ങാൻ ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും, 2026 ഡിസംബർ 12-നാണ് സേവനം അവസാനിപ്പിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റം സംബന്ധിച്ച് ഗൂഗിൾ ഉപയോക്താക്കൾക്ക് ഇമെയിൽ വഴിയും വാച്ചിലെ പുഷ് നോട്ടിഫിക്കേഷൻ വഴിയും സന്ദേശം അയക്കും.
സെല്ലുലാർ പ്ലാനുകൾക്ക് പുറമെ ഫോണുമായി ബന്ധിപ്പിച്ചും (tethering) വാച്ച് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കൾക്ക് സെല്ലുലാർ സേവന ദാതാക്കളെ സമീപിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

