കൊച്ചി: വൻതോതിൽ മയക്കുമരുന്ന് കടത്തിയ അസം സ്വദേശി പോലീസിന്റെ പിടിയിലായി. 50 ഗ്രാം ഹെറോയിനുമായി അസം നൗഗാമവ് സ്വദേശിയായ ഇജാജുൽ ഹഖ് (29) ആണ് അറസ്റ്റിലായത്.
അസമിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിൽ എത്തിയ ഇയാൾ, അവിടെ നിന്ന് കാറിൽ പിരാരൂരിൽ എത്തി താമസസ്ഥലത്തേക്ക് പോകുന്നതിനിടയാണ് നിയമപാലകരുടെ പിടിയിലായത്. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടി ബോക്സുകളിലായാണ് പ്രതി ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
പിടികൂടിയ ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി പ്രതി അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിലേക്ക് ഇടയ്ക്കിടയ്ക്ക് വന്നു പോകാറുള്ള ഇയാൾ, ഇവിടെ ലഹരിമരുന്ന് വിൽപന നടത്തിയ ശേഷം വിമാനമാർഗം അസമിലേക്ക് മടങ്ങാറാണ് പതിവ്. നാഗാലാൻഡിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നർകോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്ഐമാരായ എം.വി.അരുൺ ദേവ്, മജു എം. ലാൽ, എ.സി.ബിജു, എഎസ്ഐമാരായ പി.എ.അബ്ദുൽ മനാഫ്, എം.വി.ബിനു, റോണി അഗസ്റ്റിൻ, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, പി.ആർ.നിഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

