സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജൂൺ 9-ന് അവധി നൽകിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
എന്നാൽ, റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്നതിനാലും കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായാണ് അവധി പ്രഖ്യാപിച്ചത്. 09.06.2026 (ചൊവ്വ) തീയതിയിൽ ജില്ലയിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. കാസർകോട് ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഈ ഉത്തരവ് ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും, നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

