വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക നീക്കത്തിൽ ഇതുവരെയും നടപടിയുണ്ടായില്ല.
അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്സി) കൈമാറണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തോളമായിട്ടും സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുറമുഖ വകുപ്പ് നൽകിയ വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.
അനുമതി നൽകുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് വകുപ്പ് നൽകിയ മറുപടി. അതേസമയം, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കരാർ ലംഘനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അധികൃതർ കൃത്യമായ ഉത്തരം നൽകാൻ തയ്യാറായില്ല.
നിലവിൽ ഈ വിഷയം നിയമവകുപ്പിന്റെ സൂക്ഷ്മ പരിശോധനയിലാണെന്നാണ് സർക്കാരിന്റെ അനൗദ്യോഗിക വിശദീകരണം. കഴിഞ്ഞ ജൂലൈ രണ്ട്, മൂന്ന് തീയതികളിലായാണ് ഓഹരി കൈമാറ്റത്തിനുള്ള അനുമതി തേടി അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിന് ഔദ്യോഗികമായി രണ്ട് അപേക്ഷകൾ സമർപ്പിച്ചത്.
ആദ്യമായി നൽകിയ അപേക്ഷയിൽ ആവശ്യമായ രേഖകളോ വിവരങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് തൊട്ടടുത്ത ദിവസം പുതുക്കിയ അപേക്ഷ നൽകിയത്. തുടർന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ അപേക്ഷകൾ പരിശോധിക്കുകയും, തുടർ നിയമോപദേശത്തിനായി കൈമാറുകയും ചെയ്യുകയായിരുന്നു.
യൂറോപ്യൻ ഷിപ്പിങ് ഭീമാരായ എംഎസ്സിയുടെ കീഴിലുള്ള ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) മുഖേന അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ (എവിപിപിഎൽ) 139.7 കോടി ഡോളറിന്റെ (ഏകദേശം 13,270 കോടി രൂപ) വൻ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള എവിപിപിഎലിന്റെ ആകെ മൂല്യം 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) എന്ന് വിലയിരുത്തിയായിരുന്നു ഈ നീക്കം.
ഈ പ്രാരംഘട്ട വിവരങ്ങൾ അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും (സെബി) ഔദ്യോഗികമായി അറിയിച്ചിരുന്നു.
എന്നാൽ സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച യഥാർത്ഥ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ മാറ്റം ചെയ്യപ്പെടുന്നത് ഉടമസ്ഥതാ കൈമാറ്റമായാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ഓഹരി കൈമാറ്റങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.
എന്നാൽ മുൻകൂർ അനുമതി തേടുന്നതിന് മുൻപ് തന്നെ ഓഹരി കൈമാറ്റ നീക്കങ്ങളുമായി മുന്നോട്ടുപോയതാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കഴിഞ്ഞ ജൂൺ 29ന് പ്രാഥമിക കരാർ ഒപ്പുവെച്ച ശേഷമാണ് സർക്കാർ തലത്തിൽ വിവരം അറിയിച്ചത് എന്നതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

