മനാമ: ബഹ്റൈനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തുടരുന്ന പ്രവാസി തൊഴിലാളികൾക്കായുള്ള റെയ്ഡുകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ മാത്രം വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 547 അനധികൃത താമസക്കാരെയാണ് അധികൃതർ നാടുകടത്തിയത്.
ഇതോടെ 2024 വർഷം ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട അനധികൃത വിദേശികളുടെ എണ്ണം 15,000 കടന്നതായി ലേബർ വാച്ച്ഡോഗ് ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ മാസം മാത്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 4,675 പരിശോധനകളാണ് അധികൃതർ പൂർത്തിയാക്കിയത്. ബന്ധപ്പെട്ട
മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ 172 സംയുക്ത ക്യാമ്പെയ്നുകളും ഇക്കാലയളവിൽ സംഘടിപ്പിച്ചു. ഈ ഊർജ്ജിതമായ നടപടികളിലൂടെ 67 അനധികൃത തൊഴിലാളികളെ പിടികൂടുകയും 547 പേരെ രാജ്യത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ സംയുക്ത പരിശോധനകൾ രേഖപ്പെടുത്തിയത് തലസ്ഥാന ഗവർണറേറ്റിലാണ് (74 എണ്ണം). മുഹറഖ് (57), നോർത്തേൺ (22), സതേൺ (19) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പ്രവർത്തനങ്ങളുടെ കണക്കുകൾ.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, വിവിധ പോലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകളിൽ പങ്കെടുത്തത്. ഇതിനുപുറമേ, വിവിധ സർക്കാരുമായി ബന്ധപ്പെട്ട
മന്ത്രാലയങ്ങളും വാണിജ്യ, ആരോഗ്യ മേഖലകളിലെ ചുമതലയുള്ള അതോറിറ്റികളും ഈ റെയ്ഡുകളിൽ സജീവമായി പങ്കാളികളായി. തൊഴിൽ വിപണിയുടെ സുസ്ഥിരതയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് എൽഎംആർഎ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ജനുവരി മുതൽ ഇതുവരെ ആകെ 1,45,607 പരിശോധനകളും 2,815 സംയുക്ത ക്യാമ്പെയ്നുകളുമാണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഇതിലൂടെ 4,304 പേരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആകെ 15,210 അനധികൃത തൊഴിലാളികളാണ് ഈ കാലയളവിൽ നാടുകടത്തപ്പെട്ടത്. രാജ്യത്ത് എവിടെയെങ്കിലും തൊഴിൽ നിയമലംഘനങ്ങളോ അനധികൃത താമസക്കാരെയോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, പൊതുജനങ്ങൾക്ക് വിവരങ്ങൾ അധികൃതരെ അറിയിക്കാവുന്നതാണ്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.lmra.gov.bh മുഖേനയോ, 17506055 എന്ന കോൾ സെന്റർ നമ്പറിലൂടെയോ അല്ലെങ്കിൽ സർക്കാരിന്റെ ‘തവാസുൽ’ ആപ്പ് വഴിയോ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കാവുന്നതാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

