അട്ടപ്പാടി വടക്കേ കടമ്പാറ ഊരിലെ മാരി മൂപ്പൻ തന്റെ കുടുംബത്തിന് അവകാശപ്പെട്ട 40 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം വർഷങ്ങളായി തുടരുന്നു.
സ്വന്തം ഭൂമി കൈവശപ്പെടുത്താനും വനം കയ്യേറാനും ചിലർ നടത്തുന്ന നീക്കങ്ങൾക്കെതിരെ 2014-ലാണ് അദ്ദേഹം ആദ്യമായി അധികാരികൾക്ക് പരാതി നൽകിയത്. തുടർന്ന് മൂപ്പന്റെ പരാതി അട്ടപ്പാടി ഐടിഡിപി പ്രോജക്ട് ഓഫിസർ കലക്ടർക്കും സബ് കലക്ടർക്കും കൈമാറിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 524-ലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. മാരി മൂപ്പന്റെ പിതാവിന്റെ കാലത്ത് ഇവിടെ കൃഷി ചെയ്യുകയും കുടിൽ കെട്ടി താമസിക്കുകയും ചെയ്തിരുന്നു.
പിന്നീട് സർക്കാർ ഊരു പണി കഴിപ്പിച്ചപ്പോഴാണ് കുടുംബം അവിടേക്ക് താമസം മാറ്റിയത്. 2020 വരെ ഈ ഭൂമിയുടെ 2.4 ഹെക്ടറിന് നികുതി കൃത്യമായി അടച്ചിട്ടുമുണ്ട്.
എന്നാൽ, ആദിവാസികളും വന്യമൃഗങ്ങളും മാത്രം ഉണ്ടായിരുന്ന ഈ പ്രദേശത്തിന് ഇപ്പോൾ വ്യാജ അവകാശികൾ ഏറെയാണ്. വനമാണെന്ന് പറഞ്ഞ് വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വനംവകുപ്പ് അധികൃതർ, പുറമെ നിന്നുള്ളവരുടെ വാഹനങ്ങൾ മാത്രം ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്.
തന്റെ മക്കൾക്കായി അൽപ്പം മണ്ണും കാടും ബാക്കി വെക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് 75 പിന്നിട്ട മാരി മൂപ്പൻ ഈ പ്രായത്തിലും നിയമപോരാട്ടം തുടരുന്നത്.
മാരി മൂപ്പന്റെ സ്ഥലം ഉൾപ്പെടുന്ന കോട്ടത്തറ വില്ലേജിലെ സർവേ 524-ൽ ആകെ 1394 ഹെക്ടർ ഭൂമിയാണുള്ളത്. ഇതിന്റെ അടിസ്ഥാന രേഖയായ പ്രിലിമിനറി സർവേ ആൻഡ് ഫീൽഡ് റജിസ്റ്ററിൽ മൂപ്പിൽ നായരുടേതെന്നും വനമെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എ ആൻഡ് ബി റജിസ്റ്റർ പ്രകാരം ഇതിൽ ഒന്നു മുതൽ 85 വരെയുള്ള സബ് ഡിവിഷനുകളിൽ 3 എണ്ണം സംസ്ഥാനമെന്നും 81 എണ്ണം മൂപ്പിൽ നായർ എന്നുമാണ് കാണിച്ചിരിക്കുന്നത്. ഇതിൽ സബ്ഡിവിഷൻ 85-ൽ 1099 ഹെക്ടർ വനമായും രേഖപ്പെടുത്തിയിട്ടുണ്ട്.
കീരിപ്പതി ഊരിലെ കുടുംബങ്ങൾക്ക് സാമൂഹിക വനാവകാശ പ്രകാരം ഏകദേശം 250 ഏക്കറോളം വനം അനുവദിച്ചുകൊണ്ട് ഉത്തരവുകൾ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഭൂമിയിൽ പോലും ആദിവാസികളല്ലാത്ത നിരവധി ആളുകൾക്ക് പട്ടയം ഉൾപ്പെടെയുള്ള രേഖകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ജന്മിയുടെ കുടിയാന്മാരായിരുന്നുവെന്ന രേഖകൾ ഹാജരാക്കിയാണ് ഇവർ ഭൂമിയുടെ അവകാശം നേടിയെടുക്കുന്നത്. എന്നാൽ, സാധാരണക്കാരായ ആദിവാസികൾക്ക് ഇത്തരം രേഖകൾ സമ്പാദിക്കുക എന്നത് അതീവ ദുഷ്കരമാണ്.
മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമിയുടെ കൈമാറ്റത്തിന് ഔദ്യോഗിക നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് ഈ അനധികൃത നടപടികൾ അരങ്ങേറുന്നത്. ഈ വ്യാജ രേഖകളുടെ ഒത്താശയോടെ വനത്തിലൂടെയുള്ള റോഡ് നിർമാണവും കുന്നുകൾ ഇടിച്ചു നിരത്തി രൂപമാറ്റം വരുത്തുന്ന പ്രവർത്തനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.
രാപ്പകലില്ലാതെ കാട്ടാനകൾ സഞ്ചരിക്കുന്ന പ്രധാന ആനത്താരകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത് ഭൂമി സ്വന്തമാക്കാൻ വനംവകുപ്പ് നിരാക്ഷേപ പത്രം നൽകിയിട്ടുമുണ്ട്. ചന്ദനത്തൈകൾ ഉൾപ്പെടെ അപൂർവ്വ ജൈവവൈവിധ്യം നിറഞ്ഞ ഈ പ്രദേശം ചന്ദന റിസർവാക്കി മാറ്റുന്ന കാര്യം ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന കാലത്ത് ഗൗരവമായി പരിഗണിച്ചിരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

