ചെന്നൈയിൽ നിന്നു നഷ്ടപ്പെട്ട മൊബൈൽ ഫോൺ കേരളത്തിൽനിന്നു കണ്ടെത്തി ഉടമയ്ക്കു തിരികെ നൽകി വയനാട് പൊലീസ്.
ചെന്നൈ സ്വദേശി സത്യയുടെ പിതാവിന്റെ ഫോണാണ് കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ സെലയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു നഷ്ടപ്പെട്ടത്. തുടർന്ന് സെലയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഎഐആർ) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി റജിസ്റ്റർ ചെയ്യുകയും ചെയ്തു.
സിഇഎഐആർ പോർട്ടലിലെ സംവിധാനത്തിലൂടെ ഫോൺ ലൊക്കേഷൻ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നു കണ്ടെത്തി. തുടർന്ന് സെലയൂർ പൊലീസ് സ്റ്റേഷനിൽനിന്നു പരാതി വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ സിവിൽ പൊലീസ് ഓഫിസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മലപ്പുറം തിരൂരങ്ങാടിയിൽ നിന്നു കണ്ടെത്തിയത്.
ഫോൺ സുരക്ഷിതമായി വീണ്ടെടുത്ത ശേഷം, ദൂരവും പരാതിക്കാരന്റെ സാഹചര്യവും പരിഗണിച്ച് ആഷിഖ് കുറിയർ മുഖേന ചെന്നൈയിലെ വിലാസത്തിലേക്ക് ഫോൺ അയച്ചു നൽകുകയായിരുന്നു. ഫോൺ തിരികെ ലഭിച്ചതിനു സത്യ കേരള പൊലീസിന് നന്ദി അറിയിച്ച് വിഡിയോ സന്ദേശം പങ്കുവച്ചു.
കഴിഞ്ഞ 2 വർഷത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ 25 മൊബൈൽ ഫോണുകൾ ആഷിഖ് കണ്ടെത്തി ഉടമകൾക്കു തിരികെ നൽകിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമകൾ സിഇഎഐആർ പോർട്ടലിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നിരന്തരം നിരീക്ഷണം നടത്തിയാണ് ഫോണുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തിയത്.
തുടർന്ന് ഇവരിൽനിന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

