മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നെബുലൈസേഷൻ മാസ്ക് വിൽപനയുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ചൂഷണം നടക്കുന്നതായി പരാതി.
ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്ന് 27 രൂപ മുതൽ 30 രൂപ വരെ വിലയ്ക്ക് ലഭിക്കുന്ന മാസ്ക്, വാർഡുകളിലെ രോഗികൾക്ക് 350 രൂപ വരെ ഈടാക്കി മറിച്ചുവിൽക്കുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരാണ് ഈ കൊള്ളയ്ക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം.
ശക്തമായ ശ്വാസതടസ്സമുള്ള രോഗികൾക്ക് നെബുലൈസർ ഉപയോഗിക്കുമ്പോൾ ധരിക്കുന്നതാണ് ഈ മാസ്ക്. ഒരേ മാസ്ക് തന്നെ പല രോഗികൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രോഗികൾ സ്വന്തമായി മാസ്ക് വാങ്ങി ഉപയോഗിക്കുന്നത്.
സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ ഇതിന് ഉയർന്ന വിലയായതിനാൽ, രോഗികൾക്ക് ആശ്വാസമായാണ് ആശുപത്രി അധികൃതർ ന്യായവില ഷോപ്പ് വഴി കുറഞ്ഞ നിരക്കിൽ മാസ്ക് ലഭ്യമാക്കിയത്. എന്നാൽ, ന്യായവില ഷോപ്പിൽ നിന്ന് വൻതോതിൽ 27 രൂപ നിരക്കിൽ മാസ്ക്കുകൾ വാങ്ങി കൈവശം വെച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ച ശേഷം, അത്യാവശ്യക്കാരായ രോഗികളെ കണ്ടെത്തി വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്ന രീതിയാണ് തട്ടിപ്പുകാർ അവലംബിക്കുന്നത്.
ആശുപത്രി ജീവനക്കാരാണെന്ന് പറഞ്ഞാൽ ന്യായവില ഷോപ്പിൽ നിന്ന് 10 മാസ്ക്കുകൾ വരെ നൽകുന്നുണ്ട്. ഇത്തരത്തിൽ പലതവണയായി മാസ്ക്കുകൾ വാങ്ങി ശേഖരിച്ചാണ് കച്ചവടം നടപ്പിലാക്കുന്നത്.
സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്ന് സ്ഥിരമായി മാസ്ക്കുകൾ വൻതോതിൽ വാങ്ങുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
കുറ്റക്കാരായി കണ്ടെത്തുന്നവരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

