രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജപ്പാൻ സഹകരണത്തോടെയുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2030ൽ യാഥാർഥ്യമാകുമെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ. മധൂസൂദൻ വ്യക്തമാക്കി.
കാസർകോട് കെ.എം.ഹസൻ സാംസ്കാരിക കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിച്ച ‘വൻമതിൽ വഴി നിപ്പോണിൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന് താൽപര്യമില്ലെന്ന മുൻ ജാപ്പനീസ് മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“അങ്ങനെ പറഞ്ഞ ആൾ നിലവിൽ ജപ്പാനിലെ മന്ത്രി അല്ല. ഈ വിഷയത്തിൽ സംസാരിക്കാൻ ചുമതലപ്പെട്ട
ആൾ ആണെന്നും തോന്നുന്നില്ല. ഇക്കാര്യത്തിൽ ജപ്പാൻ ഇതിനോടകം വ്യക്തത വരുത്തിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ കൃത്യമായി പുരോഗമിക്കുന്നുണ്ട്.
സ്ഥലമെടുപ്പ് ഭൂരിഭാഗവും പൂർത്തിയായി. ഓടാനുള്ള ട്രെയിൻ ലഭിക്കാനാണ് കാല താമസം.
ഇത് നിർമാണ ഘട്ടത്തിലാണ്. 2030ൽ പദ്ധതി പൂർത്തിയാകും എന്നാണ് പ്രതീക്ഷ,” അദ്ദേഹം വ്യക്തമാക്കി.
സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽതന്നെ ഉന്നതവിജയം നേടി 22-ാം വയസ്സിൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ എത്തിയ വ്യക്തിയാണ് ആർ. മധൂസൂദൻ.
പാലക്കാട് രാമശേരി സ്വദേശിയാണെങ്കിലും കോയമ്പത്തൂരിലാണ് അദ്ദേഹം വളർന്നത്. പിതാവ് രവീന്ദ്രൻനായർ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പിയും മാതാവ് നിർമലത തമിഴ്നാട് വൈദ്യുതി വകുപ്പിലെ ചീഫ് എൻജിനീയറുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരി പ്രിയദർശിനിയും ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയാണ്. 2018ലെ വുഹാൻ ഉച്ചകോടിയുൾപ്പെടെയുള്ള ഉന്നതതല ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് മാൻഡറിൻ ഭാഷാ വിവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കാസർകോട് കൊന്നക്കാട് സ്വദേശിയും സിആർപിഎഫ് മുൻ ഐജിയുമായ കെ.വി.മധൂസൂദനന്റെ മകൾ ഡോ. അന്നപൂർണയാണ് ഭാര്യ.
ടോക്കിയോ മെഡിക്കൽ കോളജിൽ അധ്യാപികയാണ് ഇവർ. ജപ്പാനിലെ നയതന്ത്രം, ഇന്ത്യാ-ചൈനാ ബന്ധം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് രണ്ട് മണിക്കൂറോളം നീണ്ട
മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. ജപ്പാനിലെ ഇവി വാഹനങ്ങളുടെ സാധ്യതകൾ, ഡിജിറ്റൽ ഇടപാടുകൾ, ജനനനിരക്കിലെ കുറവ്, പ്രകൃതിദുരന്തങ്ങളെ നേരിടുന്ന രീതി തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ജപ്പാനിൽ യുപിഐ സംവിധാനമില്ലെന്നും, വ്യത്യസ്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പരസ്പരം പണം കൈമാറാൻ സജ്ജമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രീകൃത സംവിധാനം നടപ്പാക്കാൻ അവിടെ ആലോചനയുണ്ട്.
ജപ്പാനിലെ ജനനനിരക്കിലെ കുറവ് വർഷംതോറും 9 മുതൽ 10 ലക്ഷം വരെയാണെന്നും, ഇതിനെ മറികടക്കാൻ വിദേശ തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യം തയാറെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം തൊഴിലാളികളെ കൈമാറാൻ ധാരണയായിട്ടുണ്ട്.
ജപ്പാനിലെ ദുരന്തനിവാരണ മികവും അച്ചടക്കവും മാതൃകാപരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ കെ.എം.ഹസൻ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും വിശദീകരിച്ചു.
മുൻ നഗരസഭാ ചെയർമാൻ വി.എം. മുനീർ ചെയർമാനും അമാനുള്ള അങ്കാർ കൺവീനറുമായുള്ള സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് അടക്കമുള്ള സേവനങ്ങൾ നടന്നു വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

