തന്റെ ജന്മനാടായ പറവൂരിനോടുള്ള പ്രണയം വരികളിലൂടെ ആവിഷ്കരിക്കുകയാണ് നടനും സംവിധായകനുമായ സലിംകുമാർ. പറവൂരിന്റെ ചരിത്രവും പ്രശസ്തരായ വ്യക്തിത്വങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ‘എൻ പറവൂർ എൻ നാട്’ എന്ന ഗാനം ഇതിനകം തന്നെ നാടിന്റെ ആസ്വാദകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
വിനോദ് കെടാമംഗലം ഈണമിട്ട ഗാനം ഗായകൻ ഒ.യു.ബഷീർ ആണ് ആലപിച്ചിരിക്കുന്നത്.
സലിംകുമാർ എഴുതിയ വരികൾ അപ്രതീക്ഷിതമായി വിനോദ് കെടാമംഗലത്തിന്റെ കൈകളിലെത്തിയതാണ് ഈ സംഗീത സൃഷ്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്. ഗാനത്തിന്റെ രചന മുതൽ നിർമ്മാണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പറവൂരിന്റെ മണ്ണിൽ നിന്നുള്ള പ്രതിഭകൾ തന്നെയാണ് ഒത്തുചേർന്നത്.
പ്രദേശത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന പ്രമുഖരെ വരികളിൽ സലിംകുമാർ പരാമർശിക്കുന്നുണ്ട്. കാഥികരത്നം കെടാമംഗലം സദാനന്ദൻ, കേസരി ബാലകൃഷ്ണപിള്ള, പി.കേശവദേവ്, ആനന്ദശിവറാം, നടൻ പറവൂർ ഭരതൻ, പറവൂർ ജോർജ്, കെടാമംഗലം പപ്പുക്കുട്ടി, കെ.ടി.ജോർജ്, എൻ.കെ.മാധവൻ, എൻ.ശിവൻപിള്ള, എസ്.ശർമ, കെ.പി.ധനപാലൻ തുടങ്ങിയവരുടെ പേരുകൾ ഗാനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
തന്റെ പേര് വരികളിൽ ഉൾപ്പെടുത്താൻ സലിംകുമാർ തുടക്കത്തിൽ വിസമ്മതിച്ചിരുന്നുവെങ്കിലും, വിനോദ് കെടാമംഗലത്തിന്റെ നിർബന്ധത്തെത്തുടർന്ന് അദ്ദേഹം ഒരൊറ്റ വരിയിൽ ഒതുക്കി. ‘ഇന്ത്യൻ സിനിമയിൽ മലയാളത്തിൻ കയ്യൊപ്പിട്ടൊരു നാട്’ എന്ന വരിയിലൂടെയാണ് അദ്ദേഹം തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്.
ഗാനത്തിന്റെ വരികൾ ഇപ്രകാരമാണ്:
“എൻ പറവൂർ എൻ നാട്
എൻ പറവൂർ എൻ നാട് ഞാൻ പിറന്നൊരു നാട്.. കാഥിക രത്നം പിറന്ന നാട് കഥകൾ പറഞ്ഞൊരു നാട് കഥകൾ പറഞ്ഞൊരു നാട് ചരിത്രം തേടിയിറങ്ങിയ കേസരി അന്തിയുറങ്ങിയ നാട് അന്ത്യവിശ്രമ നാട് ഓടയിൽ നിന്നും എഴുതിയ നാട് കേശവദേവിൻ നാട് (2)
കടലിനക്കരെ കഥകളിയാടിയ ശിവറാമിൻ നാട് ആനന്ദ ശിവറാമിന്റെ നാട് കെ.ടിയും എൻ.കെയും എൻ.
ശിവൻ പിള്ളയും പ്രോജ്വലമാക്കിയ നാട് ഞാൻ പിറന്നൊരു നാട് വെള്ളിത്തിരയിലെ സുവർണ താരം ഭരതൻ ജനിച്ച നാട്.. നടനകലയിലെ കുലപതിയാകും വി.ടി.
പിറന്നൊരു നാട് നാട്ടിന്നകവും നാടകമാക്കിയ പറവൂർ ജോർജിൻ നാട്. വയലിനിൽ രാഗതരംഗം തീർത്തൊരു എം.എസ്.ജിയുടെ നാട് പാവങ്ങൾക്കായ് തൂലികയേന്തിയ പപ്പുക്കുട്ടിടെ നാട് (എൻ പറവൂർ) കവിതക്കുള്ളിൽ കനലു പടർത്തിയ ചുള്ളിക്കാടിൻ നാട് ചെങ്കൊടി പാറും നാട് ശർമ സഖാവിൻ നാട് മൂവർണക്കൊടി കൈകളിലേന്തും ധനപാലന്റെ നാട് ജാതിക്കതീത നാട് സേതു ജനിച്ചൊരു ഒരു നാട് ഇന്ത്യൻ സിനിമയിൽ മലയാളത്തിൻ കയ്യൊപ്പിട്ടൊരു നാട് കയറിൻനാട് കൈത്തറി നാട് ഞാൻ പിറന്നൊരു നാട്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

