കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിൽ നിലനിന്നിരുന്ന ദുരൂഹതകൾക്ക് പരിസമാപ്തി. പശ്ചിമ ബംഗാൾ സ്വദേശിയായ അജയ് ഉറവ് ആണ് താൻ അബദ്ധത്തിൽ വീണതല്ലെന്നും, സുഹൃത്തുക്കളുമായുള്ള തർക്കത്തെത്തുടർന്ന് ഒളിക്കാൻ വേണ്ടി സ്വയം അഴുക്കുചാലിൽ പ്രവേശിച്ചതാണെന്നും പൊലീസിന് മൊഴി നൽകിയത്.
സംഭവത്തിൻ്റെ പശ്ചാത്തലം ഇപ്രകാരമാണ്: കണ്ണൂരിലെ തൊഴിലിടത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ വെച്ച് സഹപ്രവർത്തകരുമായി ഇദ്ദേഹം വഴക്കുണ്ടാക്കി. തുടർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി ഓടിയ ഇയാൾ, പിന്നാലെ എത്തിയ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെടാൻ അഴുക്കുചാലിലേക്ക് കയറുകയായിരുന്നു.
എന്നാൽ, പിന്നീട് പുറത്തുകടക്കാൻ സാധിക്കാതെ വന്നതോടെ സഹായത്തിനായി പുറത്തേക്ക് കൈ നീട്ടുകയായിരുന്നു. അജയ് ഉറവ് കുടുങ്ങിക്കിടന്ന പ്രദേശത്ത് അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഇല്ലാത്തതും, ഓടയുടെ മുകൾഭാഗം സ്ലാബുകൾ ഉപയോഗിച്ച് പൂർണ്ണമായും മൂടിയ നിലയിലായതും പൊലീസിൽ സംശയമുണർത്തിയിരുന്നു.
യുവാവ് എങ്ങനെ അകത്തെത്തി എന്നതിനെക്കുറിച്ച് നടന്ന വിശദമായ അന്വേഷണത്തിലാണ് വാസ്തവം പുറത്തായത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ, സ്ലാബുകൾ പൊക്കുമ്പോൾ യുവാവിന് പരിക്കേൽക്കാതിരിക്കാൻ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ചാണ് സ്ലാബുകൾ നീക്കിയത്.
അഴുക്കും ചെളിയും പുരണ്ട നിലയിലായിരുന്നെങ്കിലും ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

