മൂന്ന് പതിറ്റാണ്ടോളമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ കൊലപാതകക്കേസ് പ്രതിയെ പിടികൂടാൻ തൃശൂർ സിറ്റി പൊലീസിനെ തുണച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ. മാർത്ത കൊലപാതകക്കേസിൽ കഴിഞ്ഞ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൃഷ്ണകുമാറിനെയാണ് കേന്ദ്ര ഏജൻസികളുടെ ഡേറ്റാബേസും എഐ ടൂളുകളും ഉപയോഗിച്ച് വലയിലാക്കിയത്.
ദേശീയതലത്തിലുള്ള കുറ്റകൃത്യ ഡേറ്റാബേസ് ആയ ഇൻറലിജൻസ് നാറ്റ്ഗ്രിഡിന്റെ ‘ഗാണ്ഡീവ’ എന്ന എഐ ടൂളാണ് അന്വേഷണ സംഘം ഉപയോഗിച്ചത്. പ്രതിയുടെ പഴയകാല ഫോട്ടോ പ്രായത്തിനൊത്ത് പുതുക്കിയും (ഏജ് പ്രോഗ്രഷൻ) ഫാമിലി നെറ്റ്വർക്ക് മാപ്പിങ് വഴിയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് നിർണായക നീക്കം നടത്തിയത്.
മഹേഷ് എന്ന പേരിൽ വ്യാജ വിലാസത്തിൽ ഒളിവുജീവിതം നയിക്കുകയായിരുന്ന പ്രതിയെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇന്റലിജൻസ് ബ്യൂറോ (ഐബി), റോ, എൻഐഎ, തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉൾപ്പെടെയുള്ള എട്ട് കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും സംയുക്തമായി തയ്യാറാക്കിയ ഡിജിറ്റൽ ഡേറ്റാബേസാണ് നാറ്റ്ഗ്രിഡ്.
മെഷീൻ ലേണിങ്, പാറ്റേൺ റെക്കഗ്നിഷൻ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് ‘ഗാണ്ഡീവ’യിൽ സജ്ജീകരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു ചിത്രം അപ്ലോഡ് ചെയ്താൽ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ, ഡ്രൈവിങ് ലൈസൻസ് രേഖകൾ, ടെലികോം കെവൈസി തുടങ്ങിയ വിപുലമായ ഡേറ്റാബേസുകൾ പരിശോധിച്ച് കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ ഈ സംവിധാനത്തിന് സാധിക്കും.
കൃഷ്ണകുമാറിന്റെ പതിനെട്ടാം വയസ്സിലെ ചിത്രം സംഘടിപ്പിച്ച അന്വേഷണസംഘം ഗാണ്ഡീവയുടെ സഹായത്തോടെ ഉത്തർപ്രദേശിലെ മീററ്റിലുള്ള ഒളിസങ്കേതം തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾ കുടുംബസമേതം 15 വർഷം മുൻപ് കൊല്ലം കുണ്ടറയിലേക്ക് താമസം മാറ്റിയിരുന്നു എന്ന വിവരം കൂടി ലഭിച്ചതോടെ പ്രതി കുടുങ്ങുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിന്റെ കർശന നിർദ്ദേശപ്രകാരം എസിപി ടി.ആർ.
രാജേഷ്, ഈസ്റ്റ് എസ്എച്ച്ഒ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുണ്ടറയിൽ നേരിട്ടെത്തി പ്രതിയെ പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

