ബൽത്തങ്ങാടി ∙ സ്നേഹത്തിലും സാഹോദര്യത്തിലും കുടിയേറി വിശ്വാസമണ്ണിൽ വേരുറപ്പിച്ച നാടിന് ഇന്നലെ ഉത്സവമായിരുന്നു; പുതിയ ഇടയന്റെ സ്ഥാനാരോഹണം അവർ ആഘോഷമാക്കി. രണ്ടുമാസത്തെ ഒരുക്കത്തിനൊടുവിൽ നടത്തിയ, മാർ ജയിംസ് പട്ടേരിലിന്റെ സ്ഥാനാരോഹണം രൂപതയുടെ ചരിത്രത്തിലെ പുതിയ അധ്യായവുമായി. രൂപതയ്ക്കു പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുന്നതിനു സാക്ഷികളാകാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയത് ആയിരങ്ങൾ.
കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
നാൽപതിലേറെ ബിഷപ്പുമാർ, 250ൽ അധികം വൈദികർ, മുന്നൂറിലേറെ കന്യാസ്ത്രീകൾ എന്നിവർ ചടങ്ങിനു സാക്ഷ്യംവഹിച്ചു. സിറോ മലബാർ സഭയുടെ ഇന്ത്യയിലെ എല്ലാ രൂപതകളിലെയും ബിഷപ്പുമാർ പങ്കെടുത്തു.
ബൽത്തങ്ങാടി രൂപതയ്ക്കു കീഴിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിലെ 55 ഇടവകകളിലെ ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്തു. ചടങ്ങിനെത്തിയവർക്കു സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രോഗ്രാം കൺവീനർ വികാരി ജനറൽ മോൺ.ജോസ് വലിയപറമ്പിൽ, കോഓർഡിനേറ്റർ ഫാ.സണ്ണി ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
പുതിയ ഇടയനെത്തി,വിശ്വാസികൾ സാക്ഷി
ബൽത്തങ്ങാടി ∙ പ്രാർഥനകളാൽ മുഖരിതമായിരുന്നു, സെന്റ് ലോറൻസ് കത്തീഡ്രൽ… പ്രതീക്ഷ നിറഞ്ഞ ആയിരക്കണക്കിനു മുഖങ്ങൾ, ഭക്ത്യാദരപൂർവം നോക്കിനിന്നു.
ബൽത്തങ്ങാടിയുടെ പുതിയ ഇടയൻ അഭിഷിക്തനായി. പിന്നാലെ പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ പൊതുസമ്മേളനം നടന്നു. സ്ഥാനാരോഹണച്ചടങ്ങുകൾക്കു മുന്നോടിയായി രാവിലെ 8.45നു മേജർ ആർച്ച് ബിഷപ്് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെയുള്ള ബിഷപ്പുമാരെ പള്ളിയിലേക്കു സ്വീകരിച്ചാനയിച്ചു.
9.05നു മെത്രാഭിഷേക ചടങ്ങുകൾ ആരംഭിച്ചു.
കുർബാന മധ്യേ രൂപതാ മെത്രാനായി മാർ ജയിംസ് പട്ടേരിലിനെ നിയമിച്ചുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ നിയമന ഉത്തരവ് രൂപതാ ചാൻസലർ ഫാ.ലോറൻസ് പൂണോലിൽ വായിച്ചു.തുടർന്നു ബിഷപ്പിനായുള്ള പ്രാർഥനയ്ക്കുശേഷം കൈവയ്പ് പ്രാർഥനയും പ്രതിഷ്ഠാപന പ്രാർഥനയും നടന്നു. തൈലാഭിഷേകത്തിനുശേഷം ബൈബിൾ കൈമാറി.
മാർ റാഫേൽ തട്ടിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചതോടെ മെത്രാനായി മാർ ജയിംസ് പട്ടേരിൽ സ്ഥാനാരോഹണം ചെയ്യപ്പെട്ടു. തുടർന്നു കാർമികർ ചേർന്നു പുതിയ ബിഷപ്പിനെ രൂപതയുടെ ഔദ്യോഗിക ഇരിപ്പിടത്തിൽ (കത്തീഡ്ര) ഇരുത്തി. ഇതോടെ ബൽത്തങ്ങാടി ബിഷപ്പായി അദ്ദേഹം സ്ഥാനമേറ്റു.
വിശ്വാസിസമൂഹം കയ്യടികളോടെ തങ്ങളുടെ പ്രിയ ഇടയനെ സ്വാഗതം ചെയ്തു.
പ്രശംസനീയം, ഈ മാതൃകകൾ
കഴിഞ്ഞ വർഷങ്ങളിൽ മാർ ലോറൻസ് മുക്കുഴി നടത്തിയ പ്രവർത്തനങ്ങളുടെ മികവ് അടിവരയിട്ടു പറഞ്ഞ് ഉദ്ഘാടകനുൾപ്പെടെയുള്ള അതിഥികൾ. രൂപതയുടെ ആദ്യ ബിഷപ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനമാണു രൂപതയെ മികച്ച നിലയിലേക്ക് ഉയർത്തിയതെന്നു മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി. സേവനരംഗത്തും ആത്മീയരംഗത്തും കാഴ്ചവച്ച മാതൃകപരമായ പ്രവർത്തനമാണു മാർ ജയിംസ് പട്ടേരിലിനെ പുതിയ സ്ഥാനത്തിന് അർഹനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ പ്രതിനിധി മോൺ.
അന്ദ്രേ ഫ്രാൻസിയയും ഇരുവരുടെയും പ്രവർത്തനമികവ് എടുത്തുപറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

