ഗജവീരന്മാരെ നെഞ്ചിലേറ്റുന്ന തൃശൂർ ജില്ലയിൽ ആനപ്പാപ്പാന്മാർക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു. വരുമാനത്തേക്കാൾ ഉപരിയായി ആനയോടുള്ള അടങ്ങാത്ത സ്നേഹമാണ് പലരെയും ഈ തൊഴിലിലേക്ക് ആകർഷിക്കുന്നത്.
വനംവകുപ്പ് സാമൂഹികവനവൽക്കരണ വിഭാഗം തൃശൂർ ഡിവിഷന്റെ നേതൃത്വത്തിലാണ് ആനപ്പാപ്പാന്മാർക്കായി ഈ വിജ്ഞാനപ്രദമായ പരിപാടി ഒരുക്കിയത്. ആനയും പാപ്പാനും തമ്മിലുള്ള ബന്ധം അമ്മയും കുഞ്ഞും പോലെയാണെന്നും, മിണ്ടാപ്രാണിയായതിനാൽ ആനകൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആനകളുടെ പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ശിൽപശാലയിൽ വിശദമായ ക്ലാസുകൾ നടന്നു. തലയാട്ടിക്കൊണ്ടേയിരിക്കുന്ന ചില ആനകളുടെ സ്വഭാവത്തെക്കുറിച്ച് കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ.പി.എസ്.ഈസ പാപ്പാന്മാരോട് സംവദിച്ചു.
‘ബോറടിച്ചിട്ടാ’കാം ആനകൾ ഇത്തരത്തിൽ തലയാട്ടുന്നതെന്നും, ഇത് പെരുമാറ്റ വൈകല്യത്തിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കാനോ കായികമായി എന്തെങ്കിലും ചെയ്യാനോ ഉള്ള അവസരം ഒരുക്കിക്കൊടുത്താണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്.
ആനയുടെ തുമ്പിക്കൈയിൽ ഒന്നര ലക്ഷത്തിലേറെ മസിലുകളുണ്ടെന്നും, എട്ടു ലീറ്ററിലധികം വെള്ളം കൊള്ളുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അഞ്ചര മുതൽ ആറര കിലോഗ്രാം വരെ ഭാരമുള്ള തലച്ചോറുള്ള ഇവയ്ക്ക് അപാരമായ ഓർമശക്തിയുമുണ്ട്.
കിലോമീറ്ററുകളോളം നീന്താനുള്ള കഴിവും ആനകൾക്കുണ്ട്. ആനകളെ പുതിയ ചുറ്റുപാടുകളിലേക്ക് മാറ്റുമ്പോഴുള്ള വെല്ലുവിളികളും ശിൽപശാല ചർച്ച ചെയ്തു.
പരിചിതമായ സ്ഥലത്തുനിന്ന് ആനയെ മാറ്റുന്നത് അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കും. വാസസ്ഥലത്തുനിന്ന് മാറിനിൽക്കുമ്പോൾ പഴയ ഇടത്തേക്ക് തിരികെ പോകണമെന്ന തോന്നൽ (ഹോം സിക്നെസ്) ഇവയിലുണ്ടാകാറുണ്ട്.
ശബ്ദവീചികൾ ഉപയോഗിച്ച് 300 കിലോമീറ്റർ ദൂരത്തുള്ള മറ്റ് ആനകളുമായി ആശയവിനിമയം നടത്താൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ആനയുടെ ഭക്ഷണക്രമത്തെക്കുറിച്ച് പാലക്കാട് അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് അബ്രഹാം ക്ലാസെടുത്തു.
തീറ്റയിൽ പനമ്പട്ട മാത്രം പോരെന്നും, പുല്ലും വേവിച്ച ധാന്യങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
മദപ്പാടുകാലത്ത് ആനകൾക്ക് ഇരട്ടി ശ്രദ്ധ നൽകേണ്ടതുണ്ട്. ഈ കാലയളവിൽ രോഗപ്രതിരോധശേഷി കുറയുന്നതിനാൽ കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ പാദരോഗങ്ങൾക്കും നിർജലീകരണത്തിനും കാരണമാകും.
സ്നേഹത്തിനൊപ്പം ഭയം കൂടി നൽകിയാണ് പാപ്പാന്മാർ ആനയുടെ മേൽ മേൽക്കോയ്മ ഉണ്ടാക്കുന്നത്. പരിപാലനത്തിൽ ഒറ്റച്ചട്ടം ഒഴിവാക്കണമെന്നും, ഒന്നാം പാപ്പാൻ ഇല്ലാതായാലുള്ള മാനസിക സമ്മർദം ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഉണങ്ങാത്ത മുറിവുകളുമായി ആനയെ എഴുന്നള്ളിക്കരുതെന്നും ഇത്തരം അസ്വാഭാവിക മുറിവുകൾ മൂലം ചരിഞ്ഞ നിരവധി ആനകളുണ്ടെന്നും യോഗം വിലയിരുത്തി. നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരുന്ന ഈ പ്രതിസന്ധികാലത്ത് ഗജസമ്പത്ത് സംരക്ഷിക്കേണ്ട
വലിയ ഉത്തരവാദിത്തം പാപ്പാന്മാർക്കുണ്ട്. തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.ആടലരശൻ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
എറണാകുളം സെൻട്രൽ മേഖലാ ഫോറസ്റ്റ് കൺസർവേറ്റർ എസ്.വൈശാഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് എം.ബാലഗോപാൽ, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.മഹേഷ്, തൃശൂർ ഡിവിഷൻ അസി.ഫോറസ്റ്റ് കൺസർവേറ്റർ കെ.മനോജ് എന്നിവർ പ്രസംഗിച്ചു.
മുൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ എം.ഐ.വർഗീസ്, മുൻ ആനപ്പാപ്പാൻ പാറശ്ശേരി ചാമി, അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഒ.വി.മിഥുൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

