ചട്ടഞ്ചാൽ∙ ചെമ്മനാട്–ബേഡഡുക്ക പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന മഹാലക്ഷ്മിപുരം –മുനമ്പം പാലത്തിന്റെ നിർമാണ പ്രവൃത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
മരാമത്ത് വകുപ്പ് പാലം വിഭാഗം ഉത്തരമേഖല സുപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, ബേഡഡുക്ക പഞ്ചായത്ത് അംഗം വസന്തകുമാരി, ചെമ്മനാട് പഞ്ചായത്ത് അംഗം രമ ഗംഗാധരൻ, സി.രാമചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി മധു മുതിയക്കാൽ, കെ.വി.ഭക്തവത്സലൻ, എം.സജിത്ത് എന്നിവർ പ്രസംഗിച്ചു.
നിർമാണച്ചെലവ് 17.70 കോടി; നീളം 198 മീറ്റർ
ഇരു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണി പൂർത്തിയായാൽ ദേശീയപാത വഴി കാസർകോട് നിന്നു കുണ്ടംകുഴിയിലേക്ക് എത്തിച്ചേരാൻ എടുക്കുന്ന സമയത്തിന്റെ പകുതി മാത്രം മതിയാകും. ബജറ്റിൽ 17.70 കോടി രൂപയാണ് പാലത്തിന്റെ പ്രവൃത്തിക്കായി വകയിരുത്തിയത്. ആകെ നീളം198 മീറ്റർ ആണ്. 11 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയോട് കൂടിയുള്ള പാലത്തിൽ 26 മീറ്റർ നീളമുള്ള 5 സ്പാനും 10 മീറ്റർ നീളമുള്ള 6 സ്പാനും എട്ടു മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പെടുന്നു.
പാലത്തിനൊപ്പം ആവശ്യമായ സംരക്ഷണ ഭിത്തികളും ഓവുചാലുകളും ഇരുവശങ്ങളിലായി 80 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.പയസ്വിനി പുഴയുടെയും കരിച്ചേരിപ്പുഴയുടെയും സംഗമസ്ഥാനമായ മുനമ്പത്ത് രണ്ടു പഞ്ചായത്തുകളിലെ രണ്ടു നാടുകളെ ബന്ധിപ്പിക്കുന്നതിനായി ഒരു തൂക്കുപാലം മാത്രമാണ് നിലവിലുള്ളത്.
മുനമ്പം പാലം യാഥാർത്ഥ്യമാകുന്നതോടെ രണ്ടു നാടുകളുടെ യാത്രാദുരിതങ്ങൾക്കാണ് പരിഹാരമാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

