കറുകച്ചാൽ വാഴൂർ – ചങ്ങനാശേരി റോഡിൽ 12-ാം മൈൽ കോക്കുന്നേൽപടിയിൽ സർവീസിങ് പൂർത്തിയാക്കി ഉടമയ്ക്ക് കൈമാറാൻ വെച്ചിരുന്ന എയർകണ്ടീഷണർ (എസി) മോഷണം പോയി. സംഭവത്തിൽ കടയുടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
12-ാം മൈലിൽ എസി സർവീസ് സെന്റർ നടത്തിവരുന്ന കാർത്തികയിൽ രഞ്ജിത്തിനാണ് ഈ അനുഭവം ഉണ്ടായത്. വിദേശത്തുനിന്നും എത്തിച്ച വിലപിടിപ്പുള്ള എസി നന്നാക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ഒരു കസ്റ്റമർ രഞ്ജിത്തിന്റെ കടയിൽ ഏൽപ്പിച്ചത്.
മുപ്ലിവണ്ട് കയറിയതിനെ തുടർന്ന് മരുന്ന് അടിച്ച ശേഷം എസി കടയുടെ മുറ്റത്തേക്ക് ഇറക്കിവെയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെ രഞ്ജിത്തിന്റെ ഫോണിലേക്ക് ഒരു കോൾ എത്തി.
ഫോണിൽ അനസ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിക്ക് അറിയേണ്ടിയിരുന്നത് കടയുടെ മുൻപിൽ ഇരിക്കുന്ന എസി ആക്രിയാക്കി കൊടുക്കാനുണ്ടോ എന്നാണ്. എന്നാൽ ഇത് കസ്റ്റമറുടെ സാധനമാണെന്നും സർവീസ് ചെയ്ത് വെച്ചിരിക്കുന്നതാണെന്നും വിൽക്കാനുള്ളതല്ലെന്നും രഞ്ജിത്ത് വ്യക്തമായ മറുപടി നൽകിയിരുന്നു.
തുടർന്ന് മറ്റ് ആവശ്യങ്ങൾക്കായി കറുകച്ചാലിൽ പോയി മടങ്ങിയെത്തിയപ്പോഴും എസി അവിടെയുണ്ടായിരുന്നു. എന്നാൽ മറ്റൊരു വീട്ടിലെ സർവീസ് ജോലിക്ക് ശേഷം തിരികെ എത്തിയപ്പോഴേക്കും എസി കാണാനില്ലായിരുന്നു.
എസി വാങ്ങാൻ വിളിച്ചയാളുടെ നമ്പറിലേക്ക് പിന്നീട് ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാൻ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
പൊലീസ് ഇതേ നമ്പറിലേക്ക് വിളിച്ചപ്പോൾ “വിൽപനയ്ക്ക് ചോദിച്ച എസി ഞങ്ങൾ മോഷ്ടിക്കുമോ” എന്നായിരുന്നു അക്കൂട്ടരുടെ മറുപടി. ഏതായാലും വിളിച്ചയാളോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് രണ്ടുതവണ പരിശോധന നടത്തി. കടയുടെ സമീപത്തെ വീട്ടിൽ സിസിടിവി ക്യാമറയുണ്ട് എന്നത് കേസിൽ നിർണായകമാകും എന്ന പ്രതീക്ഷയിലാണ് കടയുടമയും പൊലീസും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

