പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വൻ ദുരന്തം വഴിമാറിയത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ മൂലം. നെല്ലിയാമ്പതിയിൽ നിന്നു നെന്മാറയിലേക്കുള്ള ബസ് രാവിലെ 9.50നു പോത്തുണ്ടി ചെക്പോസ്റ്റിന് 2 കിലോമീറ്റർ മുൻപുള്ള വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
മഴയെത്തുടർന്ന് വിനോദസഞ്ചാരികൾക്കു നിരോധനമുണ്ടായിരുന്നതിനാൽ റോഡിൽ വലിയ വാഹനത്തിരക്കില്ലാതിരുന്നത് വലിയ ആശ്വാസമായി. അപകടത്തിന്റെ പശ്ചാത്തലം
40 സീറ്റുകൾ മാത്രമുള്ള ബസിൽ സംഭവസമയത്ത് 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടസ്ഥലത്തിന് 500 മീറ്റർ മുൻപുതന്നെ ബസിനു നിയന്ത്രണം നഷ്ടപ്പെട്ടതായി യാത്രക്കാർ വ്യക്തമാക്കി. റോഡിന്റെ വലതുവശത്തെ കോൺക്രീറ്റ് തൂൺ തകർത്തു താഴെ തേക്കു പ്ലാന്റേഷനിലേക്ക് ഇറങ്ങിയ വാഹനം, രണ്ട് തേക്കു മരങ്ങൾ ഇടിച്ചിട്ട
ശേഷം മറ്റൊരു മരത്തിൽ ഇടിച്ചാണ് നിന്നത്. ഈ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചില്ലു തകരുകയും ചെയ്തു.
ഇടിയിൽ ചില്ലു തകർന്ന ഭാഗത്തുകൂടി പുറത്തേക്ക് തെറിച്ച് ബസിനും തേക്കു മരത്തിനും ഇടയിൽ കുടുങ്ങിയാണ് യാത്രക്കാരിയായ ജയന്തി (55) മരണപ്പെട്ടത്. നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ ജീവനക്കാരിയാണ് ഇവർ.
അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 49 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടൻ തന്നെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനവും സന്ദർശനങ്ങളും
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അതുവഴിയെത്തിയ യാത്രക്കാരും ചേർന്നാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.
നെന്മാറ, പാടഗിരി പൊലീസും വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. സംഭവസ്ഥലത്തും ആശുപത്രികളിലുമായി കെ.പ്രേമൻ എംഎൽഎ, ജില്ലാ കലക്ടർ കെ.സുധീർ, ജില്ലാ പൊലീസ് മേധാവി എ.അബ്ദുൽ റഷി, എഡിഎം എ.അബ്ദുൽ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു തുടങ്ങിയ പ്രമുഖർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
യാത്രക്കാരുടെ മൊഴികൾ
അപകടം നടന്ന വളവിന് അരക്കിലോമീറ്റർ മുൻപേ നിയന്ത്രണം നഷ്ടപ്പെട്ടതോടെ എല്ലാവരും ബലമായി പിടിച്ചുനിൽക്കണമെന്ന് ഡ്രൈവർ നിർദേശിച്ചിരുന്നതായി മുന്നിലിരുന്ന യാത്രക്കാർ വെളിപ്പെടുത്തി. ബസിൽ യാത്ര ചെയ്തിരുന്ന പ്രഭുകുമാർ എന്നയാൾ നൽകിയ മൊഴി ഇങ്ങനെ:
“ഡ്രൈവറോട് ബസ് ഇടതുഭാഗത്തേക്ക് ചേർക്കാൻ പറഞ്ഞു.
ഞാൻ ബസിൽ പിറകിലെ വാതിലിനു തൊട്ടുപിറകിലുള്ള സീറ്റിൽ ഇടതുവശം ചേർന്ന് ഇരിക്കുകയായിരുന്നു. ഇടയ്ക്ക് ബസിനു വേഗം കൂടിയ പോലെ തോന്നി.
അപ്പോൾത്തന്നെ സ്ത്രീകളുടെ നിലവിളിയും കേട്ടു. എതിരെ വന്ന ഒരു കാറിലുള്ളവർ ബസിന്റെ അമിതവേഗത്തിനെതിരെ കൂക്കിവിളിച്ചു കടന്നുപോയി.
ബസ് റോഡിനു നടുവിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. ഇടതു ചേർക്കാൻ പിറകിൽ നിന്നു ഞാൻ വിളിച്ചുപറയുന്നുണ്ട്.
പക്ഷേ, നിയന്ത്രണം പോയതിനാലാകാം ഡ്രൈവർക്ക് അതിനു കഴിയാതിരുന്നത്.”
എതിർദിശയിൽ ബൈക്കിൽ വരികയായിരുന്ന പ്ലാന്റേഷൻ തൊഴിലാളിയായ മുരുകന്റെ പ്രതികരണം:
“വരവു കണ്ടപ്പോഴേ പന്തികേടു തോന്നി. ഞാൻ എതിരെ ബൈക്കിൽ വരികയായിരുന്നു.
വളവു കയറി വരുമ്പോൾ എതിരെ നിന്നു ബസ് വരുന്നു. അപ്പോഴേ പന്തികേടു തോന്നി.
ബസ് റോഡിന്റെ നടുക്കുകൂടിയാണു വരുന്നത്. ഞാൻ ബൈക്ക് വലതുവശത്തേക്കു നിർത്താൻ നോക്കി.
അപ്പോഴേക്കും ബസ് റോഡിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണു കണ്ടത്. പേടിച്ച്, ബൈക്ക് വീഴ്ത്തിയിട്ടു.
എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം നിന്നു. സ്റ്റേഷനിലേക്കു വിളിച്ച്, ‘ബസ് മറിഞ്ഞു, എല്ലാവരും മരിച്ചുപോയി’ എന്നാണു പറഞ്ഞത്.
അപകടം കണ്ടപ്പോൾ അങ്ങനെയാണു തോന്നിയത്.”
പുതിയ സർവീസും റോഡ് നവീകരണവും
അപകടത്തെ തുടർന്ന് നെല്ലിയാമ്പതി റൂട്ടിൽ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കെഎസ്ആർടിസി ഒരു അധിക ബസ് സർവീസ് കൂടി ഏർപ്പെടുത്തി ഉത്തരവിറക്കി. മരിച്ച ജയന്തിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വർഷങ്ങളായി തകർന്നു കിടക്കുന്ന നെന്മാറ – നെല്ലിയാമ്പതി ചുരം പാതയുടെ നവീകരണം വൈകുന്നതിൽ നാട്ടുകാർക്കിടയിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

