ശാസ്താംകോട്ടയിലെ മൈനാഗപ്പള്ളി കടപ്പായിൽ പത്തുവയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. പിതാവാണ് തന്നെ പൊള്ളലേൽപ്പിച്ചതെന്ന കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മൊഴി പൊലീസിന് നിർണായകമാണ്.
മേയ് 31 രാവിലെയാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്പെഷ്യൽ സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ച കുട്ടിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംഭവത്തെക്കുറിച്ച് മാതാവ് നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: വീടുപണി നടക്കുന്നതിനാൽ കുട്ടിയും മാതാവും മാതൃപിതാവും സ്ഥലത്തോട് ചേർന്നുള്ള ചെറിയ ഷെഡിലാണ് താമസം.
കുട്ടി അയൽവാസിയുടെ കുട്ടിയുടെ സൈക്കിൾ കുഴിയിൽ ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ താൻ പോയ സമയത്ത്, കുട്ടി അടുപ്പത്തിരുന്ന പാത്രത്തിൽ തനിയെ പിടിക്കുകയും തിളച്ച വെള്ളം ദേഹത്ത് വീഴുകയുമായിരുന്നു. എന്നാൽ മാതാപിതാക്കൾ തമ്മിലുള്ള വിവാഹബന്ധത്തിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളും വേർപിരിയാനുള്ള നടപടികളും കേസിൽ ഗൗരവകരമായ സംശയങ്ങൾ ഉയർത്തുന്നുണ്ട്.
പിതാവ് മൈനാഗപ്പള്ളിയിലേക്ക് വരാറില്ലെന്നും, മാതാവ് കുട്ടിയുമായി പട്ടാഴിയിൽ പോയി പിതാവിനെ കാണാറാണ് പതിവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവസമയത്ത് മാതൃപിതാവ് വീട്ടിലുണ്ടായിരുന്നുവെന്നും മാതാവും മാതൃപിതാവും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിയുടെ മൊഴിയും സാഹചര്യങ്ങളും ഒരുപോലെ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും, കുട്ടിയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അടിയന്തര ചികിത്സയും കൗൺസലിങ്ങും ലഭ്യമാക്കണമെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻ ദേവ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

