നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നിയമനടപടികൾ കർശനമാക്കി. സംഭവത്തിൽ എഡിജിപി എം ആർ അജിത്കുമാറിന്റെ ഓഫീസിലെ എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്ക് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകി.
കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് നടപടി.
അതേസമയം, പ്രതികളായ ഗൺമാൻമാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. കേസിൽ നരഹത്യാശ്രമം (വധശ്രമം) ചുമത്തിയ അന്വേഷണ സംഘത്തിന്റെ നടപടിയെ കോടതി സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
മെയ് 30ന് മജിസ്ട്രേറ്റ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി, ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ലാത്തിയുടെ ഫോറൻസിക് റിപ്പോർട്ടോ മെഡിക്കൽ ബോർഡ് റിപ്പോർട്ടോ ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെ ഇത്തരം ഗുരുതരമായ വകുപ്പുകൾ ചുമത്തിയെന്ന് കോടതി ആരാഞ്ഞു.
നേരത്തെ, റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ചേർക്കാൻ സാധിക്കൂ എന്ന് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചിരുന്നു. വാദിഭാഗം അഭിഭാഷകൻ വൈകാരികമായി പ്രതികരിച്ചതിനെത്തുടർന്ന്, കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ തീരുമാനിച്ചു.
പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ സിഡിയിലാക്കി കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ലോക്കൽ പൊലീസ് ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നായിരുന്നു എസ്ഐടിയുടെ മറുപടി.
കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാതെ പ്രത്യേക ലക്ഷ്യത്തോടെയാണോ അന്വേഷണ സംഘം പ്രവർത്തിക്കുന്നതെന്ന് വിമർശിച്ച കോടതി, പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും ഹാജരാക്കാൻ നിർദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ ശനിയാഴ്ച വീണ്ടും വാദം കേൾക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

