തിരുവനന്തപുരം നഗരത്തിൽ മക്കളുടെ കൺമുന്നിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സുരേഷ് ഒളിവിലെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ക്രൂരകൃത്യത്തിനു ശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനായി പ്രതി നടത്തിയ നീക്കങ്ങൾ വളരെ ആസൂത്രിതമായിരുന്നു.
വീട്ടിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഇയാൾ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്താൻ അന്വേഷണ സംഘത്തിന് വലിയ ബുദ്ധിമുട്ട് നേരിട്ടു.
മണിക്കൂറുകൾക്ക് ശേഷം ഫോൺ ഓൺ ആയപ്പോൾ സൈബർ വിഭാഗത്തിന്റെ പരിശോധനയിൽ അത് കരമന കിള്ളിപ്പാലം ഭാഗത്താണെന്ന് സ്ഥിരീകരിച്ചു. പൊലീസ് ഉടൻ തന്നെ ഈ മേഖലയിലെ മൊബൈൽ ഷോപ്പുകളിൽ പരിശോധന നടത്തി.
എന്നാൽ, വഴിയിൽ കിടന്നു കിട്ടിയ ഫോൺ ഒരാൾ കടയിൽ ഏൽപിക്കുകയായിരുന്നു എന്നാണ് കടയുടമ പൊലീസിന് നൽകിയ മൊഴി. പൊലീസിന്റെ ശ്രദ്ധ വഴിതിരിച്ചുവിട്ട് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ‘ഞങ്ങൾക്ക് ഉമ്മയെ വേണം’ നാലാഞ്ചിറ ഉദിയന്നൂരിലെ താമസക്കാരുടെ ഉറക്കം കെടുത്തിയത് നാല് കുഞ്ഞുങ്ങളുടെ ദയനീയമായ നിലവിളിയാണ്.
രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാവിനെയും ആയുധവുമായി നിൽക്കുന്ന പിതാവിനെയും കണ്ട് നടുങ്ങിയ കുഞ്ഞുങ്ങളുടെ അലർച്ച കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. സ്കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽ തന്നെ ഇത്തരമൊരു ദുരന്തം ഇവരുടെ ജീവിതത്തിൽ ഇരുൾവീഴ്ത്തി.
സംഭവം നടന്ന വീട്ടിൽ 19 വർഷം മുൻപാണ് ഹസീനയും സുരേഷും വിവാഹിതരായത്. ഇവർക്ക് നാല് മക്കളാണുള്ളത്.
മൂത്ത പെൺകുട്ടി പ്ലസ്ടുവിനും, രണ്ടാമത്തെ മകൻ പത്താം ക്ലാസിലും, മൂന്നാമത്തെ മകൻ ആറാം ക്ലാസിലും, ഇളയ പെൺകുട്ടി നാലാം ക്ലാസിലും പഠിക്കുന്നു. കഴിഞ്ഞയാഴ്ച ഹസീന വീടുവിട്ടുപോയതോടെ കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു.
ഹസീന തിരിച്ചെത്തിയാൽ സന്തോഷത്തോടെ സ്കൂളിൽ പോകാം എന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ഭാര്യയെ കാണാനില്ലെന്ന് കാട്ടി മണ്ണന്തറ പൊലീസിൽ സുരേഷ് പരാതി നൽകിയിരുന്നു.
തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സുരേഷ് ആശുപത്രിയിലുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മണ്ണന്തറ പൊലീസ് വിളിച്ചതിനെ തുടർന്ന് സുഹൃത്തിന്റെ വീട്ടിലായിരുന്ന ഹസീനയും സുരേഷും മക്കളും സ്റ്റേഷനിലെത്തി.
അവിടെ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് ശേഷം ഇരുവരും രമ്യതയിലാവുകയും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പ്രണയ വിവാഹത്തിനു ശേഷം കുടുംബാംഗങ്ങളുമായി അകലം പാലിച്ചിരുന്ന ഇവർ നാല് മാസം മുൻപാണ് നാലാഞ്ചിറയിൽ താമസത്തിനെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

