ഹരിപ്പാട് നഗരത്തിൽ തുടർച്ചയായി നടന്ന മോഷണവും മോഷണശ്രമങ്ങളും പ്രദേശവാസികളെ ആശങ്കയിലാക്കി. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് പിലാപ്പുഴ എരുമക്കാട്ട് ചൈത്രത്തിൽ എൻഎസ്എസ് കോളജ് റിട്ട.
പ്രിൻസിപ്പൽ ഡോ. ആർ.രാജേഷിന്റെ വീട്ടിൽ മോഷണം നടന്നത്.
അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര പരിശോധിക്കുകയും പഴ്സിലുണ്ടായിരുന്ന 1500 രൂപ അപഹരിക്കുകയും ചെയ്തു. മോഷണത്തിനിടെ ഡോ.
ആർ.രാജേഷിന്റെ ഭാര്യയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ പ്രതി ശ്രമിച്ചു. വീട്ടുകാർ ഉണർന്നു ബഹളം വെച്ചതോടെ പ്രതി അടുക്കള വാതിലിലൂടെ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
കട്ടിലിൽ ഇരുന്ന മൊബൈൽ ഫോണും മോഷ്ടാവിന്റെ കൈക്കലാക്കി. ഇതേതുടർന്ന് ഹരിപ്പാട് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് പുലർച്ചെ 3 മണിയോടെ സമീപത്തെ തട്ടയ്ക്കാട്ട് ശിവമാധവത്തിൽ ആർ.സതീഷ് കുമാറിന്റെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നു.
അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ പ്രതി, കിടപ്പുമുറിയിൽ ടോർച്ച് അടിച്ചു പരിശോധിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയും, പിന്തുടരുന്നതിനിടെ ആർ.സതീഷ് കുമാറിന് വീണ് തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളിൽ മങ്കി ക്യാപ്പും മാസ്കും ധരിച്ച പ്രതി റെയിൽവേ പാളം വഴിയാണ് എത്തിയതും രക്ഷപ്പെട്ടതും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മോഷണങ്ങൾക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബേർ ആണെന്ന നിഗമനത്തിലാണ് പൊലീസ്.
ഷർട്ട് ധരിക്കാതെ ലുങ്കി മാത്രം ധരിച്ച് എത്തുന്ന ഇയാളുടെ മോഷണ രീതിയുമായി ഈ സംഭവങ്ങൾക്ക് സാമ്യമുണ്ട്. ട്രെയിൻ മാർഗ്ഗം എത്തി റെയിൽവേ ട്രാക്കിലൂടെ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി.
നേരത്തെ ഹരിപ്പാട് മേഖലയിൽ ഹ്രസ്വകാലയളവിൽ 20 വീടുകളിൽ മോഷണം നടത്തിയിട്ടുള്ള പക്കി സുബേർ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

