ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കണ്ണൂരിലേക്ക് നടത്തിവരുന്ന പ്രീമിയം സർവീസിലെ വരുമാനക്കുറവ് കണക്കിലെടുത്ത്, കെഎസ്ആർടിസി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങുന്നു. പ്രീമിയം സർവീസായി ഉയർത്തിയ ബസ്, പഴയതുപോലെ സൂപ്പർ ഫാസ്റ്റായി തന്നെ തുടരാനാണ് തീരുമാനം.
നേരത്തെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഈ സർവീസ്, സമീപകാലത്താണ് പ്രീമിയമായി ഉയർത്തിയത്. എന്നാൽ, പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കാൻ ഈ പരിഷ്കാരത്തിന് സാധിച്ചില്ല.
സൂപ്പർ ഫാസ്റ്റ് സർവീസ് ആയിരുന്നപ്പോൾ ഒരു കിലോമീറ്ററിന് 37 മുതൽ 42 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, പ്രീമിയത്തിലേക്ക് മാറിയതോടെ അത് 22 മുതൽ 24 രൂപയായി കുത്തനെ ഇടിഞ്ഞു. സ്റ്റോപ്പുകളുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് നിരക്കിലെ വർധനവും യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കിയതാണ് വരുമാനത്തകർച്ചയ്ക്ക് പ്രധാന കാരണമായത്.
ഒരു കിലോമീറ്ററിന് 40 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ വെട്ടിച്ചുരുക്കാനോ നിർത്തലാക്കാനോ ഉള്ള കെഎസ്ആർടിസിയുടെ കർശന നിലപാടിനെത്തുടർന്ന്, ചങ്ങനാശേരി-കണ്ണൂർ സർവീസ് നിലച്ചുപോകുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതിനു പരിഹാരമായാണ് പഴയ രീതിയിൽ സൂപ്പർ ഫാസ്റ്റ് സർവീസ് തുടരാൻ അധികൃതർ തീരുമാനിച്ചത്.
നിലവിൽ രണ്ട് ബസുകൾ ഉപയോഗിച്ചാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ചങ്ങനാശേരിയിൽ നിന്ന് രാവിലെ 6.40-നും കണ്ണൂരിൽ നിന്ന് പുലർച്ചെ 5-നും ബസുകൾ യാത്ര തിരിക്കുന്നു.
ഇതിനിടെ, വരുമാനക്കുറവിന്റെ പേരിൽ വെട്ടിക്കുറച്ച ചങ്ങനാശേരിയിൽ നിന്നുള്ള വേളാങ്കണ്ണി സർവീസിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. സ്വിഫ്റ്റിൽ നിന്ന് വേളാങ്കണ്ണി സർവീസ് കെഎസ്ആർടിസി തിരികെ ഏറ്റെടുത്ത്, എക്സ്പ്രസ് സർവീസായി പുനരാരംഭിക്കണമെന്ന ആവശ്യം യാത്രക്കാരിൽ നിന്നും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

