സംസ്ഥാനത്ത് വലിയ ചർച്ചയാകുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. 2023-ൽ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി ആകെ 39.74 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
പെരുവ മുളക്കുളം സൗത്ത് സ്വദേശിയായ എം.ടി.തോമസ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ഇതുപ്രകാരം ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കുന്നതിന് 3 ലക്ഷം രൂപയും തൊഴുത്തിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് 3.68 ലക്ഷം രൂപയും ചെലവ് വന്നു.
കൂടാതെ, 2021–26 കാലയളവിൽ ക്ലിഫ് ഹൗസിലെ ഇലക്ട്രിക്കൽ നവീകരണ പ്രവൃത്തികൾക്ക് മാത്രമായി 25.48 ലക്ഷം രൂപയാണ് ചെലവായത്. എയർകണ്ടീഷണറുകൾ സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി മാത്രം 8 ലക്ഷം രൂപയും മുടക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കുന്നതിനുള്ള പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിലെ ക്രമക്കേടുകളും വിവരാവകാശ രേഖകൾ വഴി പുറത്തുവന്നിട്ടുണ്ട്. 29 ലക്ഷം രൂപയുടെ പ്രവൃത്തി ഈ സൊസൈറ്റിയെ ഏൽപിച്ചത് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഫോണിൽ നിർദേശിച്ച പ്രകാരമാണെന്നാണ് വ്യക്തമാകുന്നത്.
ഇതുസംബന്ധിച്ച് ടൂറിസം ഡയറക്ടറുടെ 2017 നവംബറിലെ നടപടിക്രമത്തിന്റെ രേഖകളാണ് പുറത്തുവന്നത്. നീന്തൽക്കുളം നവീകരണം, മേൽക്കൂര സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ചുരുങ്ങിയ ദിവസത്തെ ഇടവേളയിൽ ഇവർക്ക് നൽകിയത്.
പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അഡിഷനൽ പി.എസ് ഫോണിൽ നിർദേശിച്ചത്. ഈ നിർദേശപ്രകാരമാണ് പ്രവൃത്തികൾ ഊരാളുങ്കലിന് നൽകിയതെന്നാണ് ഡയറക്ടറുടെ നടപടിക്രമത്തിൽ പറയുന്നത്.
ആ ഘട്ടത്തിൽ അഞ്ച് അഡിഷനൽ പി.എസുമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരിൽ ആരുടെ ഫോൺ കോൾ ആണ് വന്നതെന്ന് ടൂറിസം വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
തുടർന്ന് 2018 മുതൽ 2021 വരെ ഈ നീന്തൽക്കുളം പരിപാലിക്കുന്നതിനായി ടൂറിസം വകുപ്പ് ഇതിനുപുറമേ 12.48 ലക്ഷം രൂപ കൂടി ചെലവഴിച്ചു. ആകെ 41.48 ലക്ഷം രൂപയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും കുടുംബവും നീന്തൽക്കുളം ഉപയോഗിച്ച വകയിൽ ടൂറിസം വകുപ്പിനുണ്ടായ ആകെ ചെലവ്.
ഇതിനുപുറമേ, 2017 സെപ്റ്റംബറിൽ ഷാർജ സുൽത്താന് വിരുന്നൊരുക്കുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിന്റെ പുറംചുമർ പെയിന്റ് ചെയ്യുന്നതിന് 1.35 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. അടിയന്തര സാഹചര്യമെന്ന കാരണം പറഞ്ഞ് ടെൻഡറില്ലാതെ ഈ പ്രവൃത്തിയും ഊരാളുങ്കലിനെയാണ് ഏൽപ്പിച്ചിരുന്നത്.
കോഴിക്കോട്ടെ പരിപാടിക്കെത്തിയ ഷാർജ സുൽത്താനെ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണു ക്ലിഫ് ഹൗസിലേക്കു ക്ഷണിച്ചതെന്ന്, അന്നു സുൽത്താനൊപ്പമുണ്ടായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പിന്നീട് ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

