എസ്എഫ്ഐ ജില്ലാ നേതൃത്വത്തിലെ ചേരിപ്പോര് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ ക്രൂരമായി മർദിച്ചുവെന്നും പൂക്കോട്ടെ സിദ്ധാർഥന്റെ അനുഭവം ഓർമയുണ്ടല്ലോയെന്നു ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് രംഗത്തെത്തി.
തനിക്ക് കടുത്ത ജീവനുഭീഷണിയുണ്ടെന്നും നാളെ ജീവിച്ചിരിക്കുമോ എന്നുപോലും ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പനമരം (വയനാട്) സ്വദേശിയാണ് സായന്ത്.
കഴിഞ്ഞ മാസം 12-ാം തീയതി പുൽപള്ളിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സാന്ദ്ര രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എം.എസ്.
ആദർശ് എന്നിവരടങ്ങുന്ന സംഘം ഇരുമ്പ് വടിയും മൈക്ക് സ്റ്റാൻഡും ഉപയോഗിച്ച് തന്നെ മർദിക്കുകയായിരുന്നു. പൂക്കോട് സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥനുണ്ടായ അനുഭവം ഓർമയുണ്ടല്ലോ എന്നു ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഈ കയ്യേറ്റം.
ഗ്യാനേഷ് കുമാറിനെതിരായി മറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച സമരത്തിൽ എസ്എഫ്ഐയെ പ്രതിനിധീകരിച്ച് സായന്ത് പ്രസംഗിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഈ നടപടി. ക്രൂരമായ മർദനത്തിന് ശേഷം ശുചിമുറിയിൽ പൂട്ടിയിട്ടതായും സംഘടനയിൽ ഇനി തുടരാനും പഴശ്ശിരാജ കോളജിൽ പഠനം പൂർത്തിയാക്കാനും അനുവദിക്കില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി സായന്ത് ആരോപിക്കുന്നു.
കമ്മിറ്റി ഓഫിസിൽ വെച്ച് നേതാക്കൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും സായന്ത് പുറത്തുവിട്ടിട്ടുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ സംഭവം പുറത്തുപറയരുതന്നും ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്നും പിന്നീട് നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.
റഫീഖ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. മർദിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് പാർടി നേതൃത്വം സ്വീകരിക്കുന്നതെന്നും ഇനിയെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പനമരത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികരിച്ചു.
അതേസമയം, ഈ വിഷയത്തിൽ വിശദീകരണം തേടാനായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

