ദുബായ്: ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ പാകത്തില്‍ ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമില്‍ (എഫ്ടിപി) മാറ്റം വരുത്തണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇടക്കാല കമ്മിറ്റി ചെയര്മാന് എറാന്‍ വിക്രമരത്ന ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
ആ സമയത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളുള്ള പരമ്പര അവര്‍ കളിച്ചിരുന്നു. നിലവില്‍ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് ലങ്കന്‍ ടീം കളിച്ചുകൊണ്ടിരിക്കുന്നത്.
ഈ വര്‍ഷം പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ അവരുടെ നാട്ടില്‍ രണ്ട് മത്സരങ്ങള്‍ വീതവും, തുടര്‍ന്ന് നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പരയും ഉള്‍പ്പെടെ ആറ് ടെസ്റ്റുകള്‍ കൂടി ശ്രീലങ്കയ്ക്ക് കളിക്കാനുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനാണ് ബോര്‍ഡ് മുന്‍ഗണന നല്കാന് ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ ആവശ്യത്തിന് ടെസ്റ്റ് മത്സരങ്ങള്‍ ലഭിക്കാത്തതിന് കാരണം അന്താരാഷ്ട്ര കലണ്ടറാണെന്നും എറാന്‍ വിക്രമരത്ന വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഞങ്ങള്‍ ആവശ്യത്തിന് ടെസ്റ്റുകള്‍ കളിക്കാത്തതിന്റെ പ്രശ്നത്തിന് കാരണം അന്താരാഷ്ട്ര കലണ്ടറാണെന്നാണ് ഞാന്‍ കരുതുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിലാണ് ഞങ്ങള്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ പര്യടനങ്ങള്‍ നിശ്ചയിക്കുന്നത് എഫ്ടിപിയാണ്. അടുത്ത വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്ലില്‍ ഇന്ത്യയുമായി കൂടുതല്‍ പര്യടനങ്ങള്‍ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
അതിനാല്‍ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളുമായി കളിക്കാനാണ് ലോകം മുഴുവന്‍ ആഗ്രഹിക്കുന്നത്.
ആ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്കും പര്യടനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ശക്തിപ്പെടുത്താന്‍ ഐസിസി പ്രസിഡന്റ് ജയ് ഷായും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുമായുള്ള തന്റെ സമീപകാല ചര്‍ച്ചകള്‍ സഹായിക്കുമെന്നും എറാന്‍ വിക്രമരത്ന പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനായി പുതിയ ഭരണാധികാരികള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഇടക്കാല കമ്മിറ്റി അംഗമായ മുന്‍ ശ്രീലങ്കന്‍ താരം സിദത്ത് വെട്ടിമുനി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

