ഉപ്പളയിലും സമീപ പ്രദേശങ്ങളിലുമായി പത്രവിതരണം നടത്തിവരുന്ന വ്യക്തിക്ക് നേരെ അയൽവാസിയുടെ ക്രൂരമർദ്ദനം. ചുമയ്ക്കുന്നത് അലോസരമുണ്ടാക്കുന്നുവെന്ന വിചിത്ര കാരണം പറഞ്ഞാണ് മണിമുണ്ട
സ്വദേശിയായ അസൈനാറിനെ (58) അയൽവാസി വീട്ടിൽനിന്ന് വലിച്ചിറക്കി മർദ്ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ഈ നടുക്കുന്ന സംഭവം നടന്നത്.
അസൈനാറുടെ ഭാര്യ കിടപ്പുരോഗിയായതിനാൽ വീട്ടുജോലികളും പാചകവുമെല്ലാം അദ്ദേഹം തന്നെയാണ് ചെയ്തുവരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമ അനുഭവിച്ചിരുന്ന അസൈനാർ അടുക്കളയിൽ ജോലികൾ ചെയ്യുന്നതിനിടയിൽ ചുമച്ചത് അയൽവാസിയെ പ്രകോപിപ്പിക്കുകയായിരുന്നു.
ചുമ ശബ്ദം കേട്ട് പ്രകോപിതനായി പാഞ്ഞെത്തിയ അയൽവാസിയായ മണിമുണ്ട സൈനബ മൻസിലിൽ ജംഷീദ്, ഇത് തനിക്ക് വലിയ അലോസരമുണ്ടാക്കുന്നുവെന്ന് ആക്രോശിക്കുകയായിരുന്നു.
തുടർന്ന് അസൈനാറുടെ കഴുത്തിനുപിടിച്ച് സ്വന്തം വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മർദ്ദനത്തിനുപുറമേ, ജംഷീദ് തന്റെ വീട്ടിൽ പോയി കത്തിയെടുത്ത് കൊണ്ടുവന്ന് അസൈനാറെ കുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയ്ക്കിടെ തലയിൽ 3 തുന്നലുകൾ ഇടേണ്ടി വന്നു. പരുക്കേറ്റ ഉടൻ തന്നെ അസൈനാറെ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

