ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ എസ്-400 ‘ട്രയംഫ്’ അഞ്ച് യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച് റഷ്യ. പുതിയ മിസൈലുകൾ വാങ്ങുന്നതിനായി വ്യോമസേന പുറപ്പെടുവിച്ച ടെൻഡറിനു മറുപടിയായാണ് റഷ്യ തങ്ങളുടെ താൽപര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്.
കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണു വിഷയം ചർച്ചയായത്. ഇതിനൊപ്പം പ്രതിരോധം, ഊർജം ഉൾപ്പെടെയുള്ള വിവിധ തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി.
ഇന്ത്യൻ സൈന്യത്തിൽ ‘സുദർശൻ’ എന്നു പുനർനാമകരണം ചെയ്യപ്പെട്ട എസ് – 400 മിസൈൽ സംവിധാനം, ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ അതിശക്തമായ പ്രകടനമാണു കാഴ്ചവച്ചത്.
പാക്കിസ്ഥാൻ വിക്ഷേപിച്ച നിരവധി മാരക വ്യോമ ഭീഷണികളെയും മിസൈലുകളെയും ഈ സംവിധാനം ആകാശത്തുവച്ച് വിജയകരമായി തകർത്തു. 400 കിലോമീറ്റർ ദൂരപരിധിയുള്ള എസ്-400, ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾക്ക് അവരുടെ സ്വന്തം ആകാശത്തുപോലും സുരക്ഷിതമായി പറക്കാൻ കഴിയാത്തവിധം വലിയ പ്രതിരോധക്കോട്ടയാണ് തീർക്കുന്നത്.
പാക്കിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ 314 കിലോമീറ്റർ അകലെവച്ചാണ് എസ്-400 തകർത്തത്. 2018ൽ ഒപ്പിട്ട
ആദ്യ കരാറിലെ അഞ്ച് എസ്-400 യൂണിറ്റുകളിൽ നാലെണ്ണം ഇതിനകം ഇന്ത്യയ്ക്ക് ലഭിച്ചുകഴിഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് ഈ വരുന്ന നവംബറോടെ ഇന്ത്യയ്ക്ക് കൈമാറും.
പുതിയ കരാർ ഒപ്പിട്ടാൽ മൂന്ന് വർഷത്തിനകം പുതിയ മിസൈലുകളുടെ വിതരണം ആരംഭിക്കും. രാജ്യത്തിന്റെ കിഴക്കൻ-പടിഞ്ഞാറൻ അതിർത്തികളിൽ വ്യോമ സുരക്ഷ ശക്തമാക്കാനാണ് പുതിയ യൂണിറ്റുകൾ വിന്യസിക്കുക.
എസ്-400 ന് പുറമെ, ഇന്ത്യയുമായി ഒന്നിച്ച് നിർമിക്കാൻ ലക്ഷ്യമിടുന്ന എസ്-500 പ്രൊമിത്യൂസ്, സുഖോയ്-57ഇ ഫെലോൺ, സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, കാലിബർ ക്രൂയിസ് മിസൈൽ ശേഷിയുള്ള അന്തർവാഹിനികൾ, വൊറോനെഷ് സ്ട്രാറ്റജിക് ഏർലി വാണിങ് റഡാർ, സൂപ്പർ സുഖോയ്-30 അപ്ഗ്രേഡ് പ്രോഗ്രാം തുടങ്ങിയ അത്യാധുനിക യുദ്ധോപകരണങ്ങളും ഇന്ത്യയ്ക്ക് നൽകാൻ തങ്ങൾ തയാറാണെന്ന് പുട്ടിൻ ഭരണകൂടം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

