അടിമാലി പഞ്ചായത്തിലെ വരയാട്ടുമുടി വരയാടുകളുടെ പ്രധാന സങ്കേതമായി വളരുന്നു. കഴിഞ്ഞ വർഷം വരെ നൂറിലധികം വരയാടുകൾ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത്, പുതിയ കണക്കുകൾ പ്രകാരം എണ്ണം 150 കടന്നതായി വനം വകുപ്പ് വ്യക്തമാക്കുന്നു.
ഇതോടെ ഇടുക്കി ജില്ലയിൽ രാജമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ള പ്രദേശമായി വരയാട്ടുമുടി മാറിക്കഴിഞ്ഞു. അടിമാലി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.
ഇവിടെ നിന്നും നേര്യമംഗലം റേഞ്ചിലെ തൊട്ടിയാറിന് എതിർവശത്തായുള്ള കുതിരകുത്തിമല, പാംബ്ലയ്ക്ക് എതിർവശത്തുള്ള പനംകുട്ടി മലനിരകൾ എന്നിവടങ്ങളിലേക്കും വരയാടുകളുടെ ആവാസവ്യവസ്ഥ വ്യാപിച്ചിട്ടുണ്ട്. വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനും വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ചിന്നപ്പാറ ആദിവാസി ഉന്നതിയിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ചിന്നപ്പാറ വനസംരക്ഷണ സമിതി രൂപീകരിക്കുകയും റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി റേഞ്ച് ഓഫിസർ പി.സി രാജൻ അറിയിച്ചു.
വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്നതിന്റെ ഭാഗമായി ഫാം ടൂറിസം പദ്ധതികളും ഇവിടെ നടപ്പിലാക്കും. ചിന്നപ്പാറയിൽ നിന്നും മൈനാപ്പാറ വഴി നെടുമ്പാറയിലേക്ക് വിനോദസഞ്ചാരികൾക്കായി ട്രെക്കിങ് സൗകര്യം ഒരുക്കാൻ സാധിക്കും.
കൂടാതെ ചിന്നപ്പാറ കുടിയുടെ മുഖ്യ ആകർഷണമായ അമ്പലപ്പാറ വ്യൂ പോയിന്റ് കൂടുതൽ ആകർഷകമാക്കാനുള്ള പ്രവർത്തനങ്ങൾ പനംകുട്ടി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ഊരുമൂപ്പൻ രാജു മണി, പഞ്ചായത്ത് അംഗങ്ങളായ എൻ.
മനീഷ്, മിനി സുരേഷ് എന്നിവരുടെ പിന്തുണയോടെയാണ് വരയാടുകളെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ ടൂറിസം പദ്ധതികൾ പുരോഗമിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഉന്നതിയിലെ ആർ.കെ ചന്ദ്രൻ പ്രസിഡന്റും വനംവകുപ്പിലെ ലിയ ജോസഫ് സെക്രട്ടറിയുമായി പുതിയ ചിന്നപ്പാറ വനസംരക്ഷണ സമിതി നിലവിൽ വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

