അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻമേരി മാത്യുവിന് (40) നാട് വിടചൊല്ലി.
തിങ്കളാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഭർത്താവ് ജേക്കബിന്റെ (മിഥുൻ) കുറിച്ചിയിലെ വീട്ടിലെത്തിച്ചു.
പൊതുദർശനത്തിനും ശുശ്രൂഷാ ചടങ്ങുകൾക്കും ശേഷം ജേക്കബിന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. വെറും രണ്ട് മാസം മുൻപ് കുറിച്ചിയിലെ വീട്ടിലെത്തി മടങ്ങിയതായിരുന്നു ആൻമേരി.
മക്കൾ: ആൻഡ്രീന, അലീസ. ഇതോടൊപ്പം അമേരിക്കയിൽ കൊല്ലപ്പെട്ട
തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ സംസ്കാര ചടങ്ങുകളും പൂർത്തിയായി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പാണഞ്ചേരിയിലെ അഞ്ജനയുടെ വസതിയിൽ പൊതുദർശനം സംഘടിപ്പിച്ചു.
നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള വലിയൊരു ജനാവലി അന്തിമോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നു. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.
പിതൃസഹോദര പുത്രൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അഞ്ജനയുടെയും ആൻമേരിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ കോട്ടയം ഈരാറ്റുപേട്ട
മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഈ ഇരട്ടക്കൊലപാതകങ്ങളുടെ കൃത്യമായ കാരണം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.

