സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപ വർധിച്ച് 14,135 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
പവൻ വില 640 രൂപ കൂടി 1,13,180 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വിലനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലെയും കമ്പോളത്തെ നേരിട്ട് സ്വാധീനിക്കുന്നത്.
കഴിഞ്ഞ ദിവസം ഔൺസിന് 4359 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച രാജ്യാന്തര സ്വർണവില ഇന്ന് 4371 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് 4333 ഡോളറിലേക്ക് താഴ്ന്ന നിരക്ക്, നിലവിൽ 4344 ഡോളറിലാണ് തുടരുന്നത്.
ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ മേഖലയിൽ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇത് സ്വർണവില ഉയരാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്.
എന്നാൽ, അമേരിക്കൻ ഡോളർ സൂചിക രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. ആറു പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന ഡോളർ സൂചിക 100.77 എന്ന നിലയിലാണ്.
ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയതും, ഉയർന്ന നിരക്ക് തുടരുമെന്ന പ്രവചനങ്ങളുമാണ് ഡോളർ നിരക്ക് വർധിക്കാൻ കാരണം.
പണപ്പെരുപ്പം കുറഞ്ഞില്ലെങ്കിൽ നിരക്ക് വീണ്ടും കൂട്ടുമെന്ന് യുഎസ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിലെ നിക്ഷേപങ്ങൾ കുറച്ച്, നിക്ഷേപകർ ഉയർന്ന പലിശ ലഭിക്കുന്ന അമേരിക്കൻ കടപത്രങ്ങളിലേക്ക് മാറുന്നത് പതിവാണ്.
ഇത് സ്വർണത്തിലെ ഡിമാൻഡും വിലയും കുറയാൻ ഇടയാക്കാറുണ്ട്. പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും ഹോൾമാർക്കിങ് ചെലവും നികുതിയും ചേർത്ത് 1.28 ലക്ഷം രൂപയോളം നൽകേണ്ടി വരും.
ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി മൂന്നു മുതൽ 30 ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 11,615 രൂപയിലെത്തി.
14 കാരറ്റ് സ്വർണം ഗ്രാമിന് 9,045 രൂപയിലും 9 കാരറ്റ് 5,835 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഗ്രാമിന് 250 രൂപ നിരക്കിലാണ് വെള്ളിയുടെ വിൽപന. ഇതിനിടെ, രണ്ടു ഗ്രാമിൽ താഴെയുള്ള സ്വർണാഭരണങ്ങൾക്കും എച്ച്യുഐഡി നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ആവശ്യപ്പെട്ടു.
സ്വർണവ്യാപാര മേഖലയിലെ ചെറുകിട സംരംഭകരെയും പരമ്പരാഗത സ്വർണപ്പണിക്കാരെയും ഉപയോക്താക്കളെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ എടുക്കും മുൻപ് ബന്ധപ്പെട്ട
വ്യാപാര സംഘടനകളുമായി വിശദമായ ചർച്ച നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

