വർക്കല മൈതാനം ജംക്ഷനിൽ പ്രവർത്തിക്കുന്ന സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഹോട്ടലിൽ നിന്ന് ചായ കുടിക്കാനെത്തിയ വെട്ടൂർ സ്വദേശി മൻസൂറിനു ലഭിച്ച ചായയിൽ പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബറിന്റെ കഷണം കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് വാർഡ് കൗൺസിലർ സജിത മണികണ്ഠൻ ഇടപെടുകയും, തുടർന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി സ്ഥാപനം അടപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഉദ്യോഗസ്ഥരുടെ അനുമതി കൂടാതെ ഇന്നലെ രാവിലെ ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹംസ ഷാഫി നഗരസഭയിൽ വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി.
ഹോട്ടലിൽ നിന്ന് കേടുപാടുകൾ സംഭവിച്ച പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവയും അഴുകിയ പച്ചക്കറികളും പിടിച്ചെടുത്തു. നിശ്ചിത നിലവാരത്തിലല്ല ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് സ്ഥാപനം പൂർണ്ണമായും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി.
ഹോട്ടലിലെ മലിനജലം അഴുക്കുചാലിലേക്ക് നേരിട്ട് ഒഴുക്കിവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിഴ ചുമത്തുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

