കോഴിക്കോട് കോർപറേഷൻ പ്രതിനിധി സംഘം തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേതൃത്വത്തിൽ ലഭിച്ച സ്വീകരണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കോഴിക്കോട് കോർപറേഷൻ മേയർ ഒ.സദാശിവൻ ഉൾപ്പെടെയുള്ള കൗൺസിലർമാരുടെ പ്രത്യേക സംഘമാണ് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി.രാജേഷ് ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയത്.
മേയർ ഒ.സദാശിവനെ വി.വി.രാജേഷ് ഷാൾ അണിയിച്ച് ആദരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സിപിഎം നേതൃത്വത്തിൽ അതൃപ്തി ശക്തമായിട്ടുണ്ട്. എൽഡിഎഫ് പ്രതിനിധികൾക്കൊപ്പം മുസ്ലിം ലീഗ് നേതാവ് എസ്.വി.മുഹമ്മദ് ഷമീൽ തങ്ങളും ഈ സ്വീകരണ ചടങ്ങിൽ പങ്കെടുത്തത് ലീഗ് നേതൃത്വത്തിലും ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള യുഡിഎഫ് നീക്കത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സിപിഎം പിന്തുണ നൽകിയിരുന്നില്ല. ഇതിനിടയിലാണ് കോഴിക്കോട് മേയറുടെ നേതൃത്വത്തിലുള്ള സംഘം ബിജെപി മേയറുടെ സ്വീകരണം സ്വീകരിച്ചിരിക്കുന്നത്.
കോർപറേഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെയും സന്ദർശിക്കാനാണ് സംഘം തലസ്ഥാനത്തെത്തിയത്.
മടക്കയാത്രയ്ക്കിടെയാണ് ഇവർ തിരുവനന്തപുരം കോർപറേഷൻ ഓഫിസിലെത്തിയത്. മേയർ ഒ.സദാശിവൻ, ബിജെപി കൗൺസിലർ നവ്യ ഹരിദാസ്, സിപിഎം നേതാവ് കെ.രാജീവ്, സിപിഐ നേതാവ് സാറ ജാഫർ, മുസ് ലിം ലീഗ് പ്രതിനിധി എസ്.വി.ഷമീൽ തങ്ങൾ എന്നിവരടങ്ങിയ സംഘമാണ് സ്വീകരണത്തിൽ പങ്കെടുത്തത്.
വി.വി.രാജേഷിന്റെ ക്ഷണം സ്വീകരിച്ച് സംഘം പ്രഭാതഭക്ഷണത്തിലും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനുള്ള ക്ഷണവും ഈ കൂടിക്കാഴ്ചയിൽ വി.വി.രാജേഷ് നൽകിയതായി വിവരമുണ്ട്.
ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ മേയർ ഒ. സദാശിവൻ തയാറായില്ല.
നേരത്തെ, മുൻ മേയർ ബീന ഫിലിപ് ബിജെപി അനുകൂല സംഘടനയുടെ ചടങ്ങിൽ പങ്കെടുത്തത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അന്ന് പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ബീന ഫിലിപ്പിനെ സിപിഎം ശാസിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

